മലപ്പുറം: ഫാഷിസ്റ്റ് ഭരണകാലത്തെ രക്തസാക്ഷി നിഘണ്ടുവിൽ, ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി ധീരോദാത്തമായി പോരാടി മരിച്ച രക്തസാക്ഷികളെ വീണ്ടും വധിക്കുന്ന ഹീനമായ ചരിത്ര ലംഘനമാണ് നടക്കുന്നതെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ല എക്‌സിക്യുട്ടീവ് അഭിപ്രായപ്പെട്ടു.

കേന്ദ്ര സർക്കാരിന്റെ സാംസ്‌കാരിക-ചരിത്ര മന്ത്രാലയത്തിന്റെ ഡിക്ഷ്ണറി ഓഫ് മാർട്ടിയേഴ്‌സ് ഇൻ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പിൽനിന്ന് മലബാർ സമരത്തെയും അതിന്റെ നേതാക്കളായ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും, ആലി മുസ്ലിയാരെയും ഒഴിവാക്കിയതിനെത്തുടർന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പ്രസ്താവന. ചരിത്രം എന്നാൽ സംഘ്പരിവാറിന്റെ ഫാഷിസ്റ്റ് ഭാവനയുടെ ആലയിൽ പിറക്കുന്നതല്ല. 1921ലെ മലബാർ സമരവുമായി ബന്ധപ്പെട്ട നിർണായക ബ്രിട്ടീഷ് ക്യാബിനറ്റിന്റെ രേഖകൾ അധിക തെളിവുകളായി ലണ്ടനിലെ ആർകൈവ്‌സിൽനിന്ന് കണ്ടെടുത്ത സന്ദർഭമാണ്. മലബാർ സമരത്തെ മായ്ക്കുവാൻ ശ്രമിക്കുമ്പോഴൊക്കെയും ചരിത്ര പഠനങ്ങളും വസ്തുതകളും അതിനെ തെളിച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മലബാർ സമരത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് തന്ത്രം തന്നെയാണ് അതിന്റെ ചരിത്രത്തെയും അടിച്ചമർത്തുവാൻ സംഘ്പരിവാർ ഉപയോഗിക്കുന്നത്. ഒരു ദേശത്തെയും അതിന്റെ ചരിത്രത്തെയും ഇല്ലാതാക്കുവാനുള്ള ശ്രമങ്ങൾക്കെതിരിൽ ശക്തമായ ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യ രാഷ്ട്രീയചേരിയെ വെൽഫെയർപാർട്ടി ഇനിയും ശക്തിപ്പെടുത്തുമെന്നും എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.

വെൽഫെയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഗണേശ് വഡേരി, ട്രഷറർ എ ഫാറൂഖ്, കൃഷ്ണൻ കുനിയിൽ, മുനീബ് കാരക്കുന്ന്, റംല മമ്പാട്, ശ്രീനിവാസൻ മേലാറ്റൂർ, സുഭദ്ര വണ്ടൂർ, അഷ്റഫ് വൈലത്തൂർ, മുഹമ്മദ് പൊന്നാനി, സി.സി ജാഫർ, വഹാബ് വെട്ടം, കെ.വി സഫീർ ഷാ, ആരിഫ് ചുണ്ടയിൽ, നസീറാ ബാനു, തുടങ്ങിയവർ സംസാരിച്ചു.