മുക്കം: അഗസ്ത്യന്മുഴി-കൈതപ്പൊയിൽ റോഡ്, സംരക്ഷണഭിത്തി നിർമ്മാണത്തിൽ കോടികളുടെ അഴിമതിയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. അശാസ്ത്രീയവും മാനദണ്ഡങ്ങൾ പാലിക്കതെയുമാണ് നിർമ്മാണം നടക്കുന്നത്. റോഡ് സംരക്ഷണഭിത്തിയുടെ കല്ലുകൾ പുറത്തേക്ക് തള്ളി എതു നിമിഷവും തകർന്ന് വീഴുമെന്ന അവസ്ഥയിലാണ്. സംരക്ഷണഭിത്തി നിർമ്മിക്കുമ്പോൾ ഒന്നര മീറ്റർ ഉയരത്തിൽ കോൺക്രീറ്റ് ബെൽറ്റ് സ്ഥാപിക്കണമെന്ന വ്യവസ്ഥ പോലും ലംഘിച്ചിരിക്കുകയാണ്. റോഡ് നിർമ്മാണത്തിലെ വൻ അഴിമതിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ പുറത്തുകൊണ്ടുവരണം. അഴിമിതി ചൂണ്ടിക്കാണിക്കുന്ന പൊതുപ്രവർത്തകരെയടക്കം വർഗീയവാദിയാക്കാനുള്ള എംഎ‍ൽഎയുടെ ധിക്കാരനടപടി തന്റെ കൈയിലെ അഴിമതിക്കറ മറച്ചുപിടിക്കാനാണെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി ആരോപിച്ചു. നിർമ്മാണം പൂർത്തീകരിക്കേണ്ട സമയപരിധി കഴിഞ്ഞിട്ട് മാസങ്ങളായി. പണിഎങ്ങുമെത്തിയിട്ടില്ല. നിർമ്മാണം പൂർത്തീകരിച്ച് റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്ലം ചെറുവാടിയുടെ നേതൃത്വത്തിൽ സംഘം സ്ഥലം സന്ദർശിച്ചു. മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലുരുട്ടി, ശംസുദ്ദീൻ ആനയാംകുന്ന്, സാലിം ജീറോഡ്, മോയിൻ പുന്നക്കൽ, ഗഫൂർ തിരുവമ്പാടി, ഫൈസൽ തിരുവമ്പാടി, മുഹമ്മദ് തണൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.