മലപ്പുറം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലായ മന്ത്രി കെ.ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്ത പശ്ചാത്തലത്തിൽ പോലും മന്ത്രിസ്ഥാനത്ത് നിലനിർത്തുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ല എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മന്ത്രിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നത്. സ്വർണക്കടത്ത് സംഘത്തിന്റെ ഇടപാടുകളിൽ മന്ത്രിയുടെ പങ്കാളിത്തത്തെ കുറിച്ച ആക്ഷേപം ഇതോടെ പ്രബലമാവുകയാണ്. ഈ സാഹചര്യത്തിൽ നീതിപൂർവ്വകമായ അന്വേഷണം നടക്കുന്നതിന് മന്ത്രി സ്ഥാനത്ത് നിന്നും ജലീൽ മാറി നിൽക്കുകയായിരുന്നു വേണ്ടിയിരുന്നത്. അത് ചെയ്യാതെ അദ്ദേഹം ന്യായവാദങ്ങൾ ഉയർത്തി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. അതിനാൽ അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം.

നേരത്തെ ബന്ധു നിയമനം, മാർക്ക് ദാനം മുതലായ വിഷയങ്ങളിലും ജലീലിനെ സംരക്ഷിക്കുന്ന നിലപാട് തന്നെയാണ് സർക്കാർ സ്വീകരിച്ചിരുന്നതെന്നും ജില്ലാ എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.

വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ് അദ്ധ്യക്ഷത വഹിച്ചു.