പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്ത നേതാക്കളെയും വിദ്യാർത്ഥി പോരാളികളെയും വ്യാപകമായി അറസ്റ്റ് ചെയ്തു ജയിലിലടച്ചു കൊണ്ട് പൗരത്വ പ്രക്ഷോഭത്തിന്റെ തുടർച്ച ഇല്ലാതാക്കാമെന്ന സംഘ്പരിവാറിന്റെ വ്യാജ ശ്രമത്തെ കൂടുതൽ കരുത്തോടെ നേരിടണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് എൻ. എം അൻസാരി ആവശ്യപ്പെട്ടു. ഉമർ ഖാലിദ്, യെച്ചൂരി തുടങ്ങിയവർക്കെതിരെ ഡൽഹി പൊലീസ് നടത്തുന്ന നീക്കത്തിനെതിരെ തിരുവനന്തപുരം ജി.പി.ഒ യിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാറിന്റെ താൽപര്യത്തിന് എതിരെ നിൽക്കുന്നവരെ ഏതുവിധേനയും അടിച്ചമർത്താനുള്ള സംവിധാനമായി ഡൽഹി പൊലീസ് മാറിക്കഴിഞ്ഞു. സംഘ്പരിവാർ ഭരണകൂടത്തിന്റെ ഗുണ്ടാസംഘത്തെ പോലെയാണ് ഡൽഹി പൊലീസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കള്ള സാക്ഷികളെ നിരത്തിയും വ്യാജ കേസുകൾ നിർമ്മിച്ചും മുന്നൂറോളം പൗരത്വ പ്രക്ഷോഭകരെയാണ് ഇതിനകം ബിജെപി സർക്കാർ വേട്ടയാടിയത്.

കോവിഡിന്റെ മറവിൽ ഇന്ത്യയിലെ സാമൂഹിക-രാഷ്ട്രീയ സംഘടന നേതാക്കളെ അടിച്ചമർത്താമെന്നത് മോദി സർക്കാറിന്റെ വ്യാമോഹമാണ്. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെക്കേണ്ടി വന്ന പൗരത്വ പ്രക്ഷോഭം കൂടുതൽ കരുത്തോടെ കൂടി ഇന്ത്യൻ ജനത ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അനിൽകുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആദിൽ അബ്ദുൽ റഹിം, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ഷറഫുദ്ദീൻ കമലേശ്വരം, തിരുവനന്തപുരം മണ്ഡലം സെക്രട്ടറി ബിലാൽ വള്ളക്കടവ് തുടങ്ങിയവർ സംസാരിച്ചു. പാളയം യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം ജി.പി.ഒക്ക് മുന്നിൽ പൊലീസ് തടഞ്ഞു.