തിരുവനന്തപുരം: നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ അന്തിമമായി പേര് ചേർക്കുന്നതിനുള്ള സമയ പരിധി ഒക്ടോബർ 31 -ൽ നിന്നും നവംബർ 2 തിങ്കളാഴ്ച വരെ നീട്ടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ് ആവശ്യപ്പെട്ടു. സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ വെബ്‌സൈറ്റിലെ തിരക്കുകാരണം നിരവധി വോട്ടർമാർക്ക് പ്രസ്തുത സൈറ്റിൽ കയറുന്നതിനും പേര് ചേർക്കുന്നതിനും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമമായി പേര് ചേർക്കാനുള്ള അവസരമെന്ന നിലയിൽ ധാരാളം വോട്ടർമാർ ഓൺലൈനിലൂടെ പേര് ചേർക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ സൈറ്റിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെന്നുള്ള വ്യാപകമായ പരാതി ഉയരുന്നുണ്ട്.

കോവിഡ് പശ്ചാത്തലത്തിൽ പേര് ചേർക്കുന്നതിനുള്ള സംവിധാനങ്ങൾ സംസ്ഥാനത്ത് വ്യാപകമായി ലഭ്യമാകാത്തതും ഇലക്ഷൻ കമ്മിഷന്റെ സൈറ്റിൽ നിരവധി ആളുകൾ ഒരേ സമയം പേര് ചേർക്കാൻ ശ്രമിക്കുമ്പോൾ സർവ്വർ ഡൗൺ ആകുന്നതും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളിത്തം വഹിക്കാനുള്ള വോട്ടർമാരുടെ മൗലികാവകാശത്തെ ഉപയോഗപ്പെടുത്തുന്നതിന് സംസ്ഥാന ഇലക്ഷൻ കമ്മീഷൻ കോവിഡ് പശ്ചാത്തലം കൂടി പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.