കോഴിക്കോട്; ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫയർപാർട്ടിയുമായി സഖ്യമില്ലെന്ന് സംസ്ഥാനത്തെ മുതിർന്ന യുഡിഎഫ് നേതാക്കൾ ആവർത്തിക്കുമ്പോഴും സംസ്ഥാനത്താകെ മത്സരിക്കുന്ന വെൽഫയർപാർട്ടി സ്ഥാനാർത്ഥികളുടെ ബോർഡുകളിൽ എഴുതിയിരിക്കുന്നത് യുഡിഎഫ് പിന്തുണക്കുന്ന വെൽഫയർപാർട്ടി സ്ഥാനാർത്ഥിയെന്ന്. പ്രത്യക്ഷത്തിൽ തന്നെ മുന്നണിയായി മത്സരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ പ്രകടമായിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുതൽ രാജ്‌മോഹൻ ഉണ്ണിത്താനും ഡിസിസി പ്രസിഡണ്ടുമാരും തുടങ്ങി തലമുതിർന്ന കോൺഗ്രസ് മുസ്ലിം ലീഗ് നേതാക്കൾ വരെ വെൽഫയർപാർട്ടി സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണ രംഗത്തുണ്ട്.

കാസർകോഡ് ജില്ലയിലെ ഉദുമ പഞ്ചായത്ത് വാർഡ് 20 കൊപ്പലിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന വെൽഫയർപാർട്ടി സ്ഥാനാർത്ഥിക്ക് വേണ്ടി ഇന്നലെ നടന്ന പ്രചരണ യോഗത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പങ്കെടുത്തിരുന്നു. വെൽഫയർപാർട്ടി കാസർകോഡ് ജില്ല സെക്രട്ടറി പികെ അബ്ദുള്ളയാണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഈ യോഗത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയും കാസർകോഡ് ഡിസിസി അദ്ധ്യക്ഷനും പങ്കെടുത്തിരുന്നു. ഇന്നലെ ഉദുമ ടൗണിൽ വച്ചായിരുന്നു ഉമ്മൻ ചാണ്ടി പങ്കെടുത്ത വെൽഫയർപാർട്ടി സ്ഥാനാർത്ഥിയുടെ പ്രചരണയോഗം.

ഈ യോഗത്തിന് ശേഷം പെരിയ കല്യോട്ട് വെച്ച് മാധ്യമപ്രവർത്തകരോട് ഉമ്മൻ ചാണ്ടി പറഞ്ഞത് വെൽഫയർപാർട്ടിയുമായി സഖ്യമില്ലെന്നുമാണ്. നേരത്തെ മലപ്പുറം ജില്ലയിലെ ഏലംകുളം പഞ്ചായത്തിൽ യുഡിഎഫ് പിന്തുണക്കുന്ന വെൽഫെയർപാർട്ടി സ്ഥാനാർത്ഥിക്കൊപ്പം നിൽക്കുന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഫോട്ടോ അദ്ദേഹം തന്നെ ഫേസ്‌ബുക്കിൽ പങ്കുവെച്ചത് വിവാദമായതിന് പിന്നാലെയാണ് ഇപ്പോൾ ഉമ്മൻ ചാണ്ടിയും പ്രചരണവേദി പങ്കിട്ടത്. ഇത്തരത്തിൽ സംസ്ഥാനത്താകെ യുഡിഎഫ് വെൽഫയർപാർട്ടിയുമായി പ്രത്യക്ഷത്തിൽ സഖ്യമായിട്ടാണ് മത്സരിക്കുന്നത്. സംസ്ഥാനത്താകെ വെൽഫയർപാർട്ടി മത്സരിക്കുന്ന വാർഡുകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. വെൽഫയർപാർട്ടി മത്സരിക്കുന്ന വാർഡുകളിൽ യുഡിഎഫിന് സ്ഥാനാർ ്ത്ഥികളില്ലാതിരിക്കുകയോ യുഡിഎഫ് സ്ഥാനാർത്ഥി പ്രചരണ രംഗത്ത് നിന്നും മാറിനിൽക്കുകയോ ചെയ്യുന്ന അവസ്ഥയുണ്ട്.

കാസർകോഡ് ജില്ലയിൽ ഒരിടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയെന്ന പേരിൽ തന്നെ മത്സരിക്കുന്നത് വെൽഫയർപാർട്ടി ജില്ല സെക്രട്ടറിയാണ്. ഉദുമഗ്രാമപഞ്ചായത്ത് വാർഡ് 20 കൊപ്പലിലാണ് യുഡിഎഫിന് വേണ്ടി വെൽഫയർപാർട്ടി ജില്ല സെക്രട്ടറി പികെ അബ്ദുള്ള മത്സരിക്കുന്നത്. ഉദു പഞ്ചായത്തിലെ മറ്റിടങ്ങളിൽ വെൽഫയർപാർട്ടിക്ക് സ്ഥാനാർത്ഥികളില്ല. അവർ യുഡിഎഫിനെ പരസ്യമായി പിന്തുണക്കുയും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പരസ്യമായി പ്രചരണം നടത്തുകയും ചെയ്യുന്നു. കണ്ണൂർ ജില്ലയിലെ വിവിധ ഇടങ്ങളിലായി 22 വാർഡുകളിൽ വെൽഫയർപാർട്ടിയും യുഡിഎഫും സഖ്യമായാണ് മത്സരിക്കുന്നത്. കണ്ണൂർ ജില്ല പഞ്ചായത്ത് പന്ന്യന്നൂർ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് വെൽഫയർ പാർട്ടി സ്ഥാനാർത്ഥിയാണ്.

കണ്ണൂർ ജില്ലയിൽ വെൽഫയർപാർട്ടി മത്സരിക്കുന്ന വാർഡുകളിൽ കോൺഗ്രസോ മുസ്ലിം ലീഗോ മറ്റു സ്ഥാനാർത്ഥികളെ നിർത്തിയിട്ടുമില്ല. കണ്ണൂർ ജില്ലാ പഞ്ചായത്ത് പന്ന്യന്നൂർ ഡിവിഷൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് തലമുണ്ട ഡിവിഷൻ, ഇരിട്ടി മുനിസിപ്പാലിറ്റി 23-ാം വാർഡ്, പയ്യന്നൂർ മുനിസിപ്പാലിറ്റി 44-ാം വാർഡ്, പാനൂർ മുനിസിപ്പാലിറ്റി 40-ാം വാർഡ്, തലശേരി മുനിസിപ്പാലിറ്റി 10-ാം വാർഡ്, 49-ാം വാർഡ്, 34-ാം വാർഡ്, കല്യാശേരി ഗ്രാമപഞ്ചായത്ത്18-ാം വാർഡ്, നാറാത്ത് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ്, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ്, ന്യൂമാഹി ഗ്രാമപഞ്ചായത്ത് 10-ാം വാർഡ്, കതിരൂർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ്, മാടായി ഗ്രാമപഞ്ചായത്ത് 13-ാം വാർഡ്, മുണ്ടേരി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ്, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് 19-ാം വാർഡ്, ചൊക്ലി ഗ്രാമപഞ്ചായത്ത് 15-ാം വാർഡ്, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് 14-ാം വാർഡ്, ഇരിക്കൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ്, പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ്, വളപട്ടണം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ്, പത്താം വാർഡ് എന്നിവിടങ്ങളിലെല്ലാം കണ്ണൂർ ജില്ലയിൽ വെൽഫയർപാർട്ടിക്ക് യുഡിഎഫ് പിന്തുണയുണ്ട്. ഇതിൽ വളപ്പട്ടണത്ത് മാത്രം മുസ്ലിം ലീഗും വെൽഫയർപാർട്ടിയുമാണ് സഖ്യമുണ്ടാക്കിയിരിക്കുന്നത്. വളപ്പട്ടണത്ത് കോൺഗ്രസ് എതിർപക്ഷത്താണ്.

കോഴിക്കോട് ജില്ലയിൽ ജില്ല പഞ്ചായത്ത് ഡിവിഷൻ മുതൽ ഗ്രാമപഞ്ചായത്ത് വാർഡുകളിൽ വരെ 29 ഇടങ്ങളിൽ യുഡിഎഫും വെൽഫയർപാർട്ടിയും സഖ്യമായാണ് മത്സരിക്കുന്നത്. ജില്ല പഞ്ചായത്ത് കുറ്റ്യാടി ഡിവിഷനിലാണ് യുഡിഎഫിന് വേണ്ടി വെൽഫയർപാർട്ടി സ്ഥാനാർത്ഥി മത്സരിക്കുന്നത്. കോഴിക്കോട് കോർപറേഷൻ ചെറുവണ്ണൂർ വെസ്റ്റ്, മൂഴിക്കൽ എന്നീ ഡിവിഷനുകളിലും വെൽഫയർപാർട്ടിക്കാരാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ. ജില്ലയിലെ വിവിധ നഗരസഭകളിലേക്കും വെൽഫയർപാർ്ട്ടി സ്ഥാനാർത്ഥികൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നു. വടകര (1), കൊയിലാണ്ടി (3), പയ്യോളി (1), മുക്കം (4), കൊടുവള്ളി (2), ഫറോക്ക് (1) എന്നീ നഗരസഭകളിലേക്കായി 12 ഡിവിഷനുകളിലാണ് വെൽഫയർപാർട്ടി യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നത്. തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഇരിങ്ങണ്ണൂർ ഡിവിഷനിലും യുഡിഎഫിനു പകരം വെൽഫെയർപാർട്ടി സ്ഥാനാർത്ഥിയാണ്. പന്തലായനി ബ്ലോക്ക് അത്തോളി ഡിവിഷനിൽ വെൽഫയർപാർട്ടി നേതാവ് മുസ്ലിംലീഗിന്റെ കോണി ചിഹ്നത്തിലാണ് മത്സരിക്കുന്നത്. കുറ്റ്യാടി, വേളം, എടച്ചേരി, അഴിയൂർ, തിരുവള്ളൂർ, ആയഞ്ചേരി, അരിക്കുളം,അത്തോളി, ഓമശേരി, കാരശേരി, തലക്കുളത്തൂർ, കക്കോടി പഞ്ചായത്തുകളിൽ ഓരോ സീറ്റിലും വെൽഫയർപാർട്ടി സ്ഥാനാർത്ഥികളാണ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ രണ്ട് വാർഡുകളിൽ വെൽഫയർപാർട്ടി സ്ഥാനാർത്ഥികൾ യുഡിഎഫിന് വേണ്ടി മത്സരിക്കുന്നു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ ടികെ അബൂബക്കറും 14ാം വാർഡിൽ കെജി സീനത്ത് എന്നിവരാണ് വെൽഫയർപാർട്ടിയുടെ യുഡിഎഫ് സ്ഥാനാർത്ഥികൾ.

മലപ്പുറം ജില്ലയിൽ 36 ഇടങ്ങളിലാണ് വെൽഫയർപാർട്ടി സ്ഥാനാർത്ഥികൾ യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. പൊന്നാനി (മൈലാഞ്ചിക്കാട്, മീന്തെരുവ് ഡിവിഷനുകൾ), വളാഞ്ചേരി (മുക്കിലപ്പീടിക, നരിപ്പൊറ്റ), തിരൂർ (നോർത്ത് അന്നാര), പെരിന്തൽമണ്ണ (ഒലിങ്കര), തിരൂരങ്ങാടി (മാനിപ്പാടം), പരപ്പനങ്ങാടി (പനയത്തിൽ), കൊണ്ടോട്ടി (കൊണ്ടോട്ടി ടൗൺ), പെരുമ്പടക്ക് ബ്ലോക്കിലെ വെളിയങ്കോട് ഡിവിഷൻ, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് (മൂന്ന), മക്കരപ്പറമ്പ്(2) മങ്കട(1), മേലാറ്റൂർ (1), വെട്ടത്തൂർ (2), കീഴാറ്റൂർ (1), എലംകുളം (1), എടയൂർ (1), തലക്കാട് (2), വാഴയൂർ (1), ആലങ്കോട് (1), പറപ്പൂർ (1), കീഴുപറമ്പ് (1), പൊന്മുണ്ടം (1), നിറമരുതൂർ (2). താനാളൂർ (2), നന്നമ്പ്ര (1), അങ്ങാടിപ്പുറം (1), പെരുമ്പടപ്പ് (1) എന്നിവിടങ്ങളിലാണ് മലപ്പുറം ജില്ലയിൽ വെൽഫയർപാർട്ടിയും യുഡിഎഫും ചേർന്ന് സഖ്യമായി മത്സരിക്കുന്നത്.

ഇത്തരത്തിൽ സംസ്ഥാനത്താകെ യുഡിഎഫും വെൽഫയർപാർട്ടിയും സഖ്യമായാണ് മത്സരിക്കുന്നത് എന്ന് സ്ഥാനാർത്ഥി പട്ടിക പരിശോധിക്കുമ്പോൾ മനസ്സിലാകും. പ്രചരണ പരിപാടികളിൽ യുഡിഎഫിന്റെ സംസ്ഥാനതല നേതാക്കൾ വരെ പങ്കെടുക്കുന്നുണ്ട്. എന്നാൽ ഇപ്പോഴും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും മറ്റ് നേതാക്കളും പറയുന്നത് വെൽഫയർപാർട്ടിയുമായി ഒരിടത്തും യാതൊരു തരത്തിലുള്ള സഹകരണവും ഇല്ലെന്നാണ്.