- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാധാരണക്കാരന്റെ കൈയിൽ പണം ലഭ്യമാകുന്ന പദ്ധതികൾ പ്രഖ്യാപിക്കണം; 5650 കോടിയുടെ പദ്ധതി വായ്പ ധനസഹായമായി മാത്രം പരിമിതപ്പെടും: വെൽഫെയർ പാർട്ടി
കോഴിക്കോട്: കോവിഡിന്റെ ദുരിതത്തിൽ നിന്നും കരകയറാൻ പ്രയാസപ്പെടുന്ന സാധാരണക്കാരന്റെ കയ്യിലേക്ക് പണം എത്തുന്ന രീതിയിലുള്ള പദ്ധതികൾ നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ മുൻഗണന നൽകേണ്ടതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. പ്രാദേശിക സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ ജനങ്ങളിലേക്ക് പണം എത്തുകയുള്ളൂ. സംസ്ഥാനത്ത് 5650 കോടിയുടെ കോവിഡ് ആശ്വാസ പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഏറെയും വായ്പ ധനസഹായമായി മാത്രം പരിമിതപ്പെടുകയാണുണ്ടാവുക.
സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയും കർഷകരെയും മുൻനിർത്തിയുള്ള കോവിഡ് പാക്കേജാണ് പ്രഖ്യാപിച്ചതെന്ന സർക്കാരിന്റെ വാദത്തോട് നീതിപുലർത്തുന്ന പദ്ധതികളല്ല ഏറെയും പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ വ്യാപാരികൾക്ക് ഡിസംബർ വരെയുള്ള സർക്കാറിന്റെ കടമുറി വാടക ഒഴിവാക്കി നൽകാനുള്ള പ്രഖ്യാപനവും ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ കെട്ടിട നികുതി ഒഴിവാക്കാനുള്ള തീരുമാനവും സ്വാഗതാർഹമാണ്.
കോവിഡ് സാഹചര്യത്തിൽ വലിയതോതിൽ നഷ്ടം സംഭവിക്കുകയോ കച്ചവടസ്ഥാപനങ്ങൾ പൂട്ടി കിടക്കുകയോ ചെയ്യുന്ന ചെറുകിട വ്യാപാരികൾ അനവധിയാണ്. അത്തരക്കാർക്ക് പ്രത്യേക ധനസഹായ പാക്കേജ് സർക്കാർ പ്രഖ്യാപിക്കണം. കോവിഡിന്റെ സാഹചര്യത്തിലും വിവിധ ആവശ്യങ്ങൾക്കായി വായ്പയെടുക്കുന്ന സാധാരണക്കാരന് മൂന്നിലൊന്ന് സബ്‌സിഡിയായി നൽകാൻ സർക്കാർ തയ്യാറാകണം.
കോവിഡ് വന്നതോടെ സാമ്പത്തിക ബുദ്ധിമുട്ടിലായവർക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച സമയം മുതലുള്ള പലിശ ഒഴിവാക്കി നൽകണം. സാമ്പത്തിക തകർച്ച അനുഭവിക്കുന്ന കർഷകരുടെയും ചെറുകിട വ്യാപാരികളുടെയും വായ്പകൾ എഴുതി തള്ളാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ