തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യക്കച്ചവടം അവസാനിപ്പി ക്കാനുള്ള സുപ്രീം കോടതി വിധി അട്ടിമറിക്കാൻ കേരളത്തിലെ ഇടതു സർക്കാർ ഗൂഢാലോചന നടത്തുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആരോപിച്ചു.

ഇതിനായി സംസ്ഥാനപാതകളെ ഡീനോട്ടിഫൈ ചെയ്യാനും തദ്ദേശസ്ഥാപങ്ങളുടെ അധികാരങ്ങൾ ദുർബലപ്പെടുത്താനും വിധി നടപ്പിലാക്കുന്നത് ദീർഘിപ്പിക്കാനും സർക്കാർ ശ്രമിക്കുന്നു. തദ്ദേശസ്ഥാപനങ്ങളുടെ അധികാരം കവർന്നെടുക്കുന്നത് അധികാര വികേന്ദ്രീകരണമെന്ന ഭരണഘടനാ താത്പര്യത്തിന്റെ ലംഘനവും ജനാധിപത്യ വിരുദ്ധവുമാണ്. അധികാര വികേന്ദ്രീകരണത്തിന്റെ അപ്പോസ്തലന്മാരാണെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷം മദ്യക്കച്ചവടക്കാർക്ക് വേണ്ടി നടത്തുന്ന ഈ അട്ടിമറി അപഹാസ്യമാണ്. മദ്യഷാപ്പിന് വേണ്ടി സംസ്ഥാനപാതകളെ ഡീനോട്ടിഫൈ ചെയ്യുന്നത് പാത വികസനത്തെയും പദ്ധതികളെയും വലിയ തോതിൽ ബാധിക്കും. ജനങ്ങളുടെ സഞ്ചരിക്കാനുള്ള അവകാശം അട്ടിമിറിച്ച് മദ്യക്കച്ചവടം സാധ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാറിന്റെ മുൻഗണനകളിൽ മറ്റെല്ലാത്തിനേക്കാളും മദ്യം പ്രധാനമായിരിക്കുന്നു.

മദ്യത്തെ കൂടുതൽ വ്യാപകമാക്കാനും മദ്യപാനം പ്രോത്സാഹിപ്പിക്കാനുമുള്ള നീക്കമാണ് ഷോപ്പിങ് മാളുകളിലേക്ക് മദ്യശാലകൾ മാറ്റാനുള്ള ആലോചന. കേരള ജനത മദ്യത്തിനെതിരാണെന്നതിന്റെ തെളിവാണ് മദ്യവിൽപന ശാലകൾ മാറ്റിസ്ഥാപിക്കാൻ കണ്ടെത്തിയിടത്തൊക്കെയുള്ള വൻ ജനകീയ ചെറുത്തു നിൽപുകൾ. ജനവികാരവും കോടതിവിധിയും മാനിച്ച് മദ്യം വ്യാപകമാക്കാനുള്ള നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണം. അടച്ചുപൂട്ടിയ ബിവ്റേജസ്, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ ഉൾപ്പെടെയുള്ള ഒരു മദ്യവിൽപന കേന്ദ്രവും തുറക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.