തിരുവനന്തപുരം: ദേവികുളം സബ് കലക്ടർ ശ്രീരാം വെങ്കിട്ടരാമനെ മാറ്റിയത് മൂന്നാറിലെ കൈയേറ്റക്കാരെ സഹായിക്കാനാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന് പകരം കൈയേറ്റഭൂമി തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. ജനങ്ങളെ തെരുവിൽ തല്ലിച്ചതക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യത്തെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രിയാണ് സർക്കാറിന് അവകാശപ്പെട്ട ഭൂമി തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കുന്നത്. ഇതിലൂടെ നീതിപൂർവം പ്രവർത്തിക്കുന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും ആത്മവിശ്വാസത്തെ മുഖ്യമന്ത്രി തകർക്കുകയാണ്.

സിപിഐ മന്ത്രിമാരുടെ വകുപ്പുകളിൽ മുഖ്യമന്ത്രി ഏകപക്ഷീയമായി കടന്നുകയറിയതാണോ റവന്യൂ വകുപ്പും മുഖ്യമന്ത്രിയും ചേർന്ന് നടത്തുന്ന കബളിപ്പിക്കൽ നാടകമാണോ എന്ന് വ്യക്തമാകേണ്ടിയിരിക്കുന്നു. കോടതി വിധി കൈയേറ്റക്കാർക്ക് എതിരായ സന്ദർഭത്തിൽ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി വിധി അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്ത് വില കൊടുത്തും ഇടുക്കിയിലെ ഭൂമി കൈയേറ്റക്കാരെ സംരക്ഷിക്കുമെന്ന നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നത്. വൻകിട കൈയേറ്റക്കാരെ ഭൂരഹിതരായി കാണിച്ച് പട്ടയം നൽകാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി ഭൂരഹിതരായ ലക്ഷങ്ങളെ അൽപം പോലും പരിഗണിക്കുന്നില്ല. ഇതിലൂടെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ഇരട്ടത്താപ്പ് വെളിവാകുകയാണ്.

പരിസ്ഥിതി ദിനത്തിൽ മരം വെക്കുന്നതിനെക്കുറിച്ച് ജനങ്ങളെ പഠിപ്പിക്കാൻ ശ്രമിച്ച മുഖ്യമന്ത്രി സി.എച്ച്.ആർ ലാന്റിലെ നിബിഢവനം വെട്ടിത്തെളിക്കാൻ അനുമതി കൊടുത്തിരിക്കുന്നു. സിപിഎമ്മിന്റെ പരിസ്ഥിതി സ്നേഹം കാപട്യമാണെന്ന് ഇത് വ്യക്തമാക്കുന്നു. കഴിഞ്ഞുപോയ ഒരു സർക്കാറും ചെയ്യാത്ത പരിസ്ഥിതി ദ്രോഹ നടപടികളാണ് പിണറായിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. മദ്യമുതലാളിമാരുടെയും ക്വാറി മാഫിയകളുടെയും ഭൂമി കൈയേറ്റക്കാരുടെയും സ്വന്തം സർക്കാരാണ് കേരളത്തിലെ ഇടതു സർക്കാരെന്ന് കൂടുതൽ വ്യക്തമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.