മലപ്പുറം: രാജ്യത്ത് പശുവിന്റെ പേരിൽ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്ന, സംഘ്പരിവാറിന്റെ ദലിത്-മുസ്ലിം കൊലപാതകങ്ങൾക്കെതിരെ വെൽഫെയർ പാർട്ടി ജൂലൈ 29 ന് മലപ്പുറത്ത് ജനമുന്നേറ്റ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു. പശുവിനെ ആരാധ്യ മൃഗമായി കാണുന്ന ഒരു വിഭാഗം നമ്മുടെ രാജ്യത്തുണ്ട്. അവരുടെ വിശ്വാസ സ്വാതന്ത്യം അംഗീകരിക്കപ്പെടേണ്ടതുമുണ്ട്. എന്നാൽ ആ വിശ്വാസം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കുവാൻ സാധ്യമല്ല. പശുവിന്റെ പേരിൽ ഇന്ന് നടക്കുന്ന അതിക്രമങ്ങൾ രാഷ്ട്രീയ പ്രശ്‌നമാണ്. സംഘ്പരിവാറിന്റെ സവർണ്ണ രാഷ്ട്രീയത്തോട് ചേർന്ന് നിൽക്കാൻ തയ്യാറാവാത്ത ദലിത് - മുസ്ലിം ജനവിഭാഗങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ഒരു ഉപകരണം മാത്രമാണ് പശു.

ഇന്ന് നരേന്ദ്ര മോദി സർക്കാർ എല്ലാ മേഖലകളിലും സംഘ്പരിവാറിന്റെ സമഗ്രാധിപത്യം അടിച്ചേൽപിച്ച് കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ ആധിപത്യം സംഘ്പരിവാറിന്, സാമ്പത്തിക ആധിപത്യം കോർപറേറ്റുകൾക്ക് എന്നതാണ് ഇപ്പോൾ മോദി സർക്കാറിന്റെ നയം. ഇന്ത്യയിലെ കർഷകർ ഒന്നാകെ ഇപ്പോൾ തെരുവിലിറങ്ങിയിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ 45.64 ലക്ഷം കോടി രൂപ വായ്പ ന്നനുവദിച്ചപ്പോൾ അതിൽ 6.48 ലക്ഷം കോടി രൂപയാണ് കർഷകർക്ക് അനുവദിച്ചത്. ബാക്കി 21.32 ലക്ഷം കോടിയും വായ്പ നൽകിയത് കോർപറേറ്റുകൾക്കാണ്. അവരുടെ കിട്ടാക്കടങ്ങൾ എഴുതിത്ത്തള്ളുന്ന സർക്കാർ കർഷിക വായ്പ തിരിച്ചു പിടിക്കാൻ ജപ്തിയും മറ്റ് നടപടികളും സ്വീകരിക്കുന്നു. മാട്ടിറച്ചി നിരോധനത്തിലൂടെ കർഷകരുടെ വലിയൊരു വരുമാന മാർഗ്ഗത്തിനാണ് മോദി സർക്കാർ വിലങ്ങിട്ടിരിക്കുന്നത്.

ജനങ്ങളെ ജാതീയമായും വർഗ്ഗീയമായും വേർതിരിച്ച് രാഷ്ട്രീയ ലാഭം കൊയ്യുക എന്ന ഫാഷിസ്റ്റ് അജണ്ട ഒരു മറയുമില്ലാതെ നമ്മുടെ രാജ്യത്ത് നടപ്പാക്കപ്പെടുന്നു. അഹ് ലാഖിനേയും, പെഹ് ലുഖാനേയും, ജുനൈദിനെയും കൊന്ന് തള്ളിയത് ആൾക്കൂട്ടമാണ് എന്ന് സാമാന്യവൽക്കരിക്കാൻ സാധിക്കുകയില്ല. അത് ഭരണകൂടത്തിന്റെ ഒത്താശയോട് കൂടി സംഘ് പരിവാറിന്റെ രാഷ്ട്രീയ ഗുണ്ടകൾ ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകങ്ങൾ തന്നെയാണ്.

രാജ്യത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങളെ ഇല്ലാതാക്കുന്ന സംഘ്പരിവാർ ദീകരതയെ മാനവികതയിൽ വിശ്വസിക്കുന്ന എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് നിന്ന് പ്രതിരോധിക്കേണ്ടതുണ്ട്. അത്തരം ഒരു പ്രതിരോധമാണ് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിക്കുന്ന 'ജനമുന്നേറ്റ റാലിയും പൊതുസമ്മേളനവും'. വൈകുന്നരം 3.30 ന് എം.എസ്‌പി പരിസരത്തു നിന്ന് ആരംഭിക്കുന്ന റാലി കിഴക്കേതലയിൽ പ്രത്യകം സജ്ജമാക്കിയ സമ്മളന നഗരിയിൽ അവസാനിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം വെൽഫയർ പാർട്ടി ദേശീയ പ്രസിഡന്റ് എസ്.ക്യു.ആർ ഇല്യാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.ഐ അബ്ദുറഷീദ് അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. പ്രൊഫ: പി ഇസ്മാഈൽ, സുരേന്ദ്രൻ കരിപ്പുഴ, ഇ.സി ആയിഷ, കൃഷ്ണൻ കുനിയിൽ, ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസീർ ഇബ്രാഹിം, റംല മമ്പാട് തുടങ്ങിയവർ സംബന്ധിക്കും.