തിരുവനന്തപുരം: ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിനുള്ള സബ്സിഡി ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. കോർപറേറ്റുകൾക്ക് മാത്രം ഇളവുകൾ നൽകുന്ന മോദി സർക്കാർ സാധാരണക്കാരുടെ നട്ടെല്ലൊടിക്കുകയാണ്. മോദി അധികാരത്തിൽ വന്നതിന് ശേഷം 10 തവണയാണ് പാചകവാതക വില വർദ്ധിപ്പിച്ചത്.

പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർദ്ധവിനെതിരായ ജനരോഷം മറികടക്കുന്നതിന് നേരത്തെ സ്വീകരിച്ച അതേ തന്ത്രമാണ് പാചകവാതത്തിന്റെ സബ്സിഡി എടുത്തുകളയുന്നതിനും സർക്കാർ പ്രയോഗിക്കുന്നത്. നിലവിൽ തന്നെ പാചക വാതകത്തിന് അധിക വിലയാണ് ഈടാക്കുന്നത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് സബ്സിഡി നൽകുന്ന സ്ഥാപനങ്ങളെ അമിത ലാഭത്തിലെത്തിച്ച് സ്വകാര്യവൽക്കുന്നതിനാണ് സബ്സിഡി പൂർണമായി പിൻവലിക്കുന്നത്.

കോർപറേറ്റുകൾക്ക് വൻലാഭമുണ്ടാക്കുന്നതിന് വേണ്ടിയാണ് ഈ ജനവഞ്ചന സർക്കാർ സ്വീകരിക്കുന്നത്. ഇത്തരം ജനദ്രോഹ തീരുമാനങ്ങളെ വൈകാരികതയും വംശീയതയും വളർത്തി മറയിടാനാണ് മോദിയും ബിജെപിയും ശ്രമിക്കുന്നത്. ജനവിരുദ്ധ തീരുമാനത്തിനെതിരെ മണ്ഡലം തലത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ അദ്ദേഹം ആഹ്വാനം ചെയ്തു.