തിരുവനന്തപുരം: റോഹിങ്ക്യൻ അഭയാർത്ഥികളുടെ വിഷയത്തിൽ കേന്ദ്ര സർക്കാർ നിലപാട് ഇന്ത്യൻ സാംസ്‌കാരിക പാരമ്പര്യത്തിനെതിരാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന എക്‌സിക്യുട്ടിവ്. വംശീയാക്രമണം നേരിട്ട സമൂഹങ്ങളോട് ഐക്യപ്പെട്ടും അഭയം നൽകിയതുമായ പാരമ്പര്യമാണ് ഇന്ത്യ മുൻകാലങ്ങളിൽ പുലർത്തിപ്പോന്നത്. ശ്രീലങ്കൻ തമിഴർക്കും ടിബറ്റൻ ജനതയ്ക്കും ബംഗ്ലാദേശിൽ നിന്ന് പുറന്തള്ളപ്പെട്ടവർക്കും ഈ രാജ്യത്ത് പുനരധിവാസം നൽകിയിരുന്നു. വംശീയത കൈമുതലാക്കിയ, ബിജെപി നയിക്കുന്ന ഇപ്പോഴത്തെ കേന്ദ്ര സർക്കാർ ഈ പാരമ്പര്യത്തെ തള്ളിക്കളയുകയാണ്.

റോഹിങ്ക്യകളെ പുറത്താക്കുമെന്ന കേന്ദ്രസഹമന്ത്രിയുടെ പ്രഖ്യാപനം അത്യന്തം ക്രൂരവും മനുഷ്യത്വരഹിതവുമാണ്. അഭയാർത്ഥികളെ സംബന്ധിച്ച അന്താരാഷ്ട്ര ചട്ടങ്ങളെല്ലാം ലംഘിക്കുകയാണ് മോദി സർക്കാർ. രാജ്യം ഉയർത്തിപ്പിടിച്ചിരുന്ന ഉന്നത മൂല്യങ്ങൾ വംശീയ വെറിമൂത്ത മോദിയും കൂട്ടരും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തുകയാണ്. രാജ്യം തുടർന്നുവന്ന അന്താരാഷ്ട്ര നിലപാടുകൾ ഉയർത്തിപ്പിടിച്ച് റോഹിങ്ക്യൻ ജനതയുടെ പ്രശ്‌നത്തിൽ ഇന്ത്യ ഗവൺമെന്റ് ഇടപെടണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. റോഹിങ്ക്യൻ വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനും സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന എക്‌സിക്യൂട്ടിവ് തീരുമാനിച്ചു.