മലപ്പുറം: ഗെയിൽ വാതക പൈപ്പ് ലൈനുമായി ബന്ധപ്പെട്ട സമരം ചെയ്തു കൊണ്ടിരുന്ന ഭൂമി നഷ്ടപ്പെടുന്ന ഇരകളെ അതിക്രൂരമായി ആക്രമിക്കുകയും നേതാക്കളയും പ്രവർത്തകരേയും അറസ്റ്റ് ചെയ്യുകയും ചെയ്ത പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി.

ജനകീയ സമരങ്ങളെ അധികാരത്തിന്റെ പിൻബലത്തിൽ അടിച്ചമർത്താനുള്ള ഏതു ശ്രമത്തെയും അംഗീകരിക്കാൻ സാധ്യമല്ല .സ്ത്രീകളെ വരെ വീട്ടിൽ കയറി ആക്രമിച്ച പിണറായിയുടെ പൊലീസ് ഗെയിലിന്റെ സ്വകാര്യ സേനയെ പോലെയാണ് പെരുമാറുന്നത് . ജനവിരുദ്ധ വികസന പദ്ധതികൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ കാണിക്കുന്ന ധാർഷ്ട്യം ഒരു ജനാധിപത്യ ഭരണകൂടത്തിന് ചേർന്നതല്ല. അക്രമങ്ങളിലൂടെ ജനാധിപത്യ പോരാട്ടങ്ങളെ ഇല്ലാതാക്കാനുള്ള സർക്കാറിന്റെ നീക്കത്തെ ജനകീയ ജനാധിപത്യ പോരാട്ടം കൊണ്ട് ചെറുത്ത് തോൽപിക്കും എന്നും ജില്ലാ സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നൽകി.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം.ഐ റഷീദ് അധ്യക്ഷത വഹിച്ചു. എ ഫാറൂഖ്, ഗണേശ് വടേരി, റംല മമ്പാട്, മുനീബ് കാരക്കുന്ന്, നാസർ കിഴുപറമ്പ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കൃഷ്ണൻ കുനിയിൽ സ്വാഗതവും സുഭദ്ര വണ്ടൂർ നന്ദിയും പറഞ്ഞു.