തിരുവനന്തപുരം: ഇന്ത്യൻ സൈന്യം ആറ് മാസം കൊണ്ട് ചെയ്യുന്ന കാര്യം മൂന്ന് ദിവസം കൊണ്ട് ചെയ്യുമെന്ന മോഹൻ ഭഗവതിന്റെ പ്രഖ്യാപനം ആർ,എസ്.എസ് സായുധ മിലിറ്റന്റാണെന്നുള്ള പരസ്യ സമ്മതമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. രാജ്യത്ത് സായുധ സേനകൾ രൂപീകരിക്കാൻ സിവിലിയൻ സംഘടനകൾക്ക് അനുവാദമില്ലെ ന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് ആർ.എസ്.എസ് സൈനിക ശക്തിയായി രൂപാന്തരം പ്രാപിച്ചതെന്ന് സർക്കാർ അന്വേഷിക്കണം.

രാജ്യത്ത് നടക്കുന്ന പല സ്‌ഫോഢനങ്ങളിലും വംശീയ ഉന്മൂലന സംഘട്ടനങ്ങളിലും സൈനികർ ഉപയോഗിക്കാറുള്ള ആയുധങ്ങൾ ഉപയോഗിച്ചിരുന്നതായി വ്യക്തമായിട്ടുള്ളതാണ്. ആർ.എസ്.എസിന് ഇത്തരം സംഭവങ്ങളുമായി പ്രത്യക്ഷമോ പരോക്ഷമോ ആയ ബന്ധമുണ്ടെന്ന് പല അന്വേഷണങ്ങളിലും തെളിഞ്ഞിട്ടുമുണ്ട്. അതാണ് ഇപ്പോൾ ആർ.എസ്.എസ് തലവൻ തന്നെ സ്ഥിതീകരിച്ചിരിക്കുന്നത്.

ആ നിലക്ക് മോഹൻ ഭഗവതിന്റെ പ്രഖ്യാപനത്തെ ഗൗരവമായെടുക്കുകയും രാജ്യത്തിന്റെ സുരക്ഷക്കും അഖണ്ഡതക്കും ഭീഷണിയായ മിലിറ്റന്റ് സ്വഭാവമുള്ള ആർ.എസ്.എസിനെതിരെ ശക്തമായ നടപടിയെടുക്കുകയും വേണം. ആർ.എസ്.എസിന് സൈനിക പരിശീലനം നൽകുന്നതാരെന്ന് അന്വേഷിച്ച് കണ്ടെത്തി കർശന ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.