തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളുടെ പ്രവേശന ഓർഡിനൻസ് സുപ്രിം കോടതി റദ്ദാക്കിയത് പിണറായി സർക്കാരും സ്വാശ്രയ ലോബിയും തമ്മിലെ ഒത്തുകളിക്കേറ്റ ശക്തമായ തിരിച്ചടിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു.

നിയമവിരുദ്ധമായി കോഴ മാത്രം മാനദണ്ഡമാക്കി നടത്തിയ പ്രവേശനം സുപ്രിം കോടതി തടഞ്ഞതിനെ മറികടക്കാനാണ് സർക്കാർ ഓർഡിനൻസ് കൊണ്ടു വന്നത്. 2016-17 വർഷം കണ്ണൂർ മെഡിക്കൽ കോളജിൽ 150ഉും കരുണ മെഡിക്കൽ കോളജിൽ 30ഉം വിദ്യാർത്ഥികളാണ് ചട്ടവിരുദ്ധമായി പ്രവേശനം നേടിയത്. ഇത് കണ്ടെത്തിയാണ് കോടതി പ്രവേശനം തടഞ്ഞത്. നിയമവിരുദ്ധമായി നടന്ന പ്രവേശനത്തെ സാധൂകരിക്കാനാണ് സർക്കാർ തിരക്കിട്ട് ഓർഡിനൻസുമായി രംഗത്തു വന്നത്.

പിണറായി സർക്കാർ പണം മാത്രം പ്രവേശനത്തിന് മാനദണ്ഡമാക്കുന്ന സ്വാശ്രയ ലോബി അടക്കമുള്ള സകല മാഫിയകളുമായും ചങ്ങാത്തത്തിലാണ്. ഈ അവിഹിത കൂട്ടുകെട്ടിന്റെ മുഖം മൂടി അഴിയുന്നതാണ് കോടതി വിധി. വിദ്യാർത്ഥികളുെട പേരിൽ നിയമലംഘനത്തിന് സർക്കാർ കൂട്ടുനിൽക്കരുതെന്ന വിധിയോടൊപ്പമുള്ള കോടതി പരാമർശം അർഹത യുണ്ടായിട്ടും പണമില്ലാത്തതിനാൽ പ്രവേശനം നിഷേധിക്കപ്പെട്ട വിദ്യാർത്ഥികളുടെ വികാരം കൂടിയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.