തിരുവനന്തപുരം : അഴിമതിയുടെ അനന്ത സാദ്ധത മുന്നിൽ കണ്ടാണ് ഇടതു സർക്കാർ മദ്യം വ്യാപിക്കുന്നതെന്ന് ബ്രൂവറി അനുവദിച്ചതിലൂടെ വ്യക്തമാകുന്നായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു.

മന്ത്രിസഭയോ ഇടതുമുന്നണിയോ അറിയാതെയാണ് മുഖ്യമന്ത്രിയുടെ സമ്മതത്തോടെ മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റലറിയും അനുവദിച്ചത്. കിൻഫ്രയുടെ ഭൂമിയടക്കം വിട്ടുകൊടുത്തുകൊണ്ടാണ് സർക്കാർ എല്ലാ ചട്ടങ്ങളും മറികടക്കുന്നത്. പുതിയ ബ്രൂവെറികൾ അനുവദിക്കേണ്ടതില്ലെ എന്ന നായനാർ സർക്കാരിന്റെ 1999 ലെ ഉത്തരവ് മറികടന്നാണ് പിണറായി സർക്കാർ ഇങ്ങനെയൊരു നടപടിയെടുക്കുന്നത്.

മുടക്കമില്ലാതെ മദ്യം ലഭിക്കുന്നതിനാണ് സംസ്ഥാനത്ത് പുതിയ ബ്രൂവറികൾ അനുവദിച്ചതെന്ന എക്സെസ് മന്ത്രിയുടെ നിലപാട് അത്യന്തം പരിഹാസ്യമാണ്. കേരളത്തെ മദ്യപുഴയാക്കാൻ മദ്യമുതലാളിമാരുമായി പിണറായി വിജയനും കൂട്ടരും നടത്തിയ ഡീലെന്താണെന്ന് വ്യക്തമാക്കണം. പ്രളയത്തിന് ശേഷം പുനർനിർമ്മിക്കുമെന്ന് പറയുന്ന പുതിയ കേരളം മദ്യ-ഭൂമാഫിയകളുടെ കേന്ദ്രമാക്കാനാണ് ഇടതുസർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.