തിരുവനന്തപുരം: വെൽഫെയർ പാർട്ടി രൂപീകരണത്തിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് സംസ്ഥാന ഓഫീസിൽ ഹമീദ് വാണിയമ്പലം രാവിലെ എട്ടുമണിക്ക് പതാക ഉയർത്തി സംസ്ഥാനതല പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. ഇന്ത്യയിൽ ജനാധിപത്യത്തിന് പുതിയ വഴി തെളിച്ച് സാമൂഹികനീതിയും ക്ഷേമരാഷ്ട്രവും ഉയർത്തിപ്പിടിക്കുന്ന മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെയാണ് വെൽഫെയർ പാർട്ടി പ്രതിനിധീകരിക്കുന്നതെന്ന് ഹമീദ് വാണിയമ്പലം പറഞ്ഞു.

കേരളത്തിലെ വിവിധ ജില്ലകളിലായി മൂവായിരത്തിൽപ്പരം യൂണിറ്റുകളിൽ പതാക ഉയർത്തലും പ്രതിജ്ഞ പുതുക്കലും നടന്നു. ഏപ്രിൽ 18 - ന് ഡൽഹിയിൽ പിറവികൊണ്ട വെൽഫെയർ പാർട്ടി പത്തു വർഷം പൂർത്തിയാക്കുന്ന സന്ദർഭത്തിൽ 2021 ഏപ്രിൽ മുതൽ 2022 മാർച്ച് വരെ നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികൾക്കാണ് തുടക്കം കുറിച്ചത്. പത്താം വാർഷിക പരിപാടികളുടെ ഭാഗമായി കേരളത്തിലെ വിവിധ പ്രദേശങ്ങളിലായി 100 വെൽഫെയർ ഹോമുകൾ പാർട്ടി നിർമ്മിച്ചു നൽകും.

പത്ത് ജനകീയ കുടിവെള്ള പദ്ധതികളും ആരംഭിക്കും. ദലിത്-ആദിവാസി വിഭാഗങ്ങളും മത്സ്യത്തൊഴിലാളികളും താമസിക്കുന്നയിടങ്ങളിൽ സാമൂഹ്യ ശാക്തീകരണത്തിനുള്ള പദ്ധതികളാരംഭിക്കും. പാർട്ടി ജനപ്രതിനിധികളുള്ള വാർഡുകളിൽ വിപുലമായ ജനസേവന കേന്ദ്രങ്ങൾ ആരംഭിക്കും.