തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ ശമ്പള സ്‌കെയിൽ കുത്തനെ വർധിപ്പിച്ചുക്കൊണ്ട് ഭരണധൂർത്തിലൂടെ ഇടത് സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ. എ ഷഫീഖ് പറഞ്ഞു. സർക്കാർ ജീവനക്കാരുടെ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച ഉടൻതന്നെയുള്ള ഈ തീരുമാനം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കാൻ മാത്രമാണ് ഉപകരിക്കുക. 2019 ജൂലൈ മുതൽ മുൻകാല പ്രാബല്യത്തിൽ വർദ്ധനവ് നൽകാനുള്ള തീരുമാനവും തികച്ചും പ്രതിഷേധാർഹമാണ്. പൊതുകടം ഉയർന്നിരിക്കെ ഭരണച്ചെലവ് ചുരുക്കുന്നതിന് പകരം ആഡംബരത്തിനും ധൂർത്തിനും സർക്കാർ മുൻഗണന നൽകുകയാണ്.

കുറഞ്ഞ കാലയളവ് മാത്രം ബാക്കിയുള്ള ഒരു മന്ത്രിസഭ ആവശ്യമായ ആലോചനയോ മുൻകരുതലോ ഇല്ലാതെ നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങൾ കോവിഡ് കാലത്ത് ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടാൻ മാത്രമാണ് ഉപകരിക്കുക. അതിതീവ്ര കോവിഡ് വ്യാപനം നടന്നുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ പൊതു ജനങ്ങളുടെ പ്രതിസന്ധി പരിഹരിക്കുന്നതിനു പകരം സർക്കാർ സ്വജന താൽപര്യങ്ങൾ സംരക്ഷിക്കുന്ന സ്വഭാവത്തിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ആവശ്യമായ ആലോചനയോ മുൻകരുതലോ കൂടാതെ പ്രഖ്യാപിച്ച ശമ്പള വർധനവ് ഉടൻ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.