- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനങ്ങൾക്ക് കോവിഡ് വാക്സിൻ നിഷേധിക്കുന്ന കേന്ദ്രസർക്കാറിനെതിരെ വെൽഫെയർ പാർട്ടി ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു
തിരുവനന്തപുരം: കോവിഡ് മഹാമാരി ഇന്ത്യയിലെ മൂന്നരലക്ഷത്തോളം ജനങ്ങളെ ദിനേനെ പിടികൂടുന്ന സാഹചര്യത്തിലും പ്രതിരോധ വാക്സിൻ കോർപ്പറേറ്റ് താൽപര്യത്തിനനുസരിച്ച് കച്ചവടം ചെയ്യുന്ന സംഘ്പരിവാർ സർക്കാറിനെതിരെ കേരളത്തിലെ ആയിരത്തിൽപരം കേന്ദ്രങ്ങളിൽ വെൽഫെയർ പാർട്ടി ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. കോർപ്പറേറ്റ് കുത്തകകളെ സഹായിക്കുന്ന കേന്ദ്ര സർക്കാർ നയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജി.പി.ഒയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷെഫീഖ് ഉദ്ഘാടനം ചെയ്തു. ഓക്സിജൻ ലഭിക്കാതെ ശ്വാസംമുട്ടി മരിക്കുന്ന രാജ്യത്തെ ജനങ്ങളെ കഴുത്തുഞെരിച്ചു കൊല്ലാനാണ് മോദിയും കോർപ്പറേറ്റ് ഭീകരരും കൈകോർക്കുന്നത്. ലോകത്തുതന്നെ ഏറ്റവും കൂടിയ വിലയിൽ വാക്സിൻ വിതരണം നടത്തിക്കൊണ്ട് ഏകാധിപത്യം ഉറപ്പിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഹിന്ദുത്വ ശക്തികളുടെ മനുഷ്യത്വരഹിത നയങ്ങളെ ശക്തമായി പ്രതിരോധിക്കുന്ന കേരളീയ ജനതക്ക് പ്രതിസന്ധിഘട്ടത്തിൽ വാക്സിൻ നിഷേധിച്ച് പ്രതികാരം വീട്ടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. പ്രളയ കാലത്തും മറ്റു പ്രകൃതി ദുരന്തങ്ങളിലും കേന്ദ്രസർക്കാർ കേരളത്തോട് ഇതേ നയമാണ് സ്വീകരിച്ചത്. മോദി സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെ കേരള ജനത ഒറ്റക്കെട്ടായി പോരാടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ വിവിധ മണ്ഡലങ്ങൾ, യൂണിറ്റുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് ആയിരത്തിൽ പരം ജനകീയ പ്രതിഷേധ പരിപാടികൾ നടന്നു. ജി.പി.ഒക്ക് മുന്നിൽ നടന്ന പ്രതിഷേധ പരിപാടിക്ക് സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ്, അസിസ്റ്റന്റ് സെക്രട്ടറി ഫായിസ് നീർക്കുന്നം ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിമാരായ അമീൻ റിയാസ്, ആദിൽ അബ്ദുൽ റഹിം, സി.എം ശരീഫ് തുടങ്ങിയവർ നേതൃത്വം നൽകി.