തിരുവനന്തപുരം: കാസർകോട് മദ്രസാധ്യാപകൻ റിയാസ് കൊല്ലപ്പെട്ടത് കേരളത്തെ വർഗീയമായി ധ്രുവീകരിച്ച് അധികാരം പിടിക്കാനുള്ള സംഘ്പരിവാർ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.

റിയാസിന്റെ കൊലപാതകികളെയും അതിനു പിന്നിൽ ഗൂഢാലോചന നടത്തിയവരെയും എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കേരളാ പൊലീസ് ഇത്തരം സംഭവങ്ങളെ പക്ഷപാതപരമായി കാണുന്നുവെന്നത് അതീവ ഗുരുതരമാണ്. കൊടിഞ്ഞി ഫൈസൽ വധത്തിലെ പ്രതികൾ ഇപ്പോൾ ജാമ്യം നേടി സ്വസ്ഥമായി നടക്കുന്നതും അതിന്റെ ഗൂഢാലോചകരെ പുറത്തുകൊണ്ടു വരാത്തതും പൊലീസിന്റെ വീഴ്ചയാണ്. സമാനമാണ് കാസർകോടും പൊലീസ് നിലാപാടെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും.പ്രാദേശിക സംഘർഷങ്ങൾ സൃഷ്ടിച്ച് അവയെ ഊതിക്കത്തിച്ചാണ് മുസഫർ നഗർ വംശീയാക്രമണം സംഘ് പരിവാർ സംഘടിപ്പിച്ചതും അതുവഴി യു.പിയിൽ അധികാരം പിടിച്ചതും.

കേരളത്തിൽ വർഗീയാക്രമണങ്ങൾ തടയുമെന്ന പേരിലാണ് ഇടതുപക്ഷം അധികാരത്തിൽ വന്നത്. പക്ഷേ ലോക്നാഥ് ബെഹ്‌റയെപ്പോലെയുള്ള ഉദ്യോഗസ്ഥനെ പൊലീസ് തലപ്പത്ത് വെച്ചതോടെ സംഘ്പരിവാറിന്റെ താൽപര്യങ്ങളാണ് പൊലീസ് നടപ്പാക്കുന്നത്. ആഭ്യന്തര മന്ത്രിപദവി കൂടി വഹിക്കുന്ന കേരളാ മുഖ്യമന്ത്രി ഇതിന് മറുപടി പറണം. കൊടിഞ്ഞിയിലും കാസർകോടുമൊക്കെ മുസ്‌ലിം സമുദായവും മുസ്‌ലിം സംഘടനകളും പുലർത്തുന്ന സംയമനം ശ്ലാഘനീയമാണ്. സംഘ്പരിവാറിന്റെ വർഗീയ ധ്രുവീകരണ താൽപര്യങ്ങൾ തകർക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും കൈകോർക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു