തിരുവനന്തപുരം: ജനകീയ സമരങ്ങളുടെയും വെൽഫെയർ പാർട്ടി അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലുകളുടെയും ഫലമായി രൂപപ്പെട്ട മദ്യ നയത്തെ ഇല്ലായ്മ ചെയ്യാൻ ബാർ മുതലാളിമാരിൽ നിന്ന് കൈക്കൂലി വാങ്ങിയ കെ എം മാണി മന്ത്രിസഭയിൽ നിന്ന് പുറത്തുപോകണമെന്നും കോഴ ഇടപാടിന്റെ ഉള്ളുകളികൾ പുറത്തുകൊണ്ടുവരുന്നതിന് പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.

ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സമ്പൂർണ്ണ മദ്യ നിരോധന നയം പ്രഖ്യാപിക്കുകയും പുറകിലൂടെ കോഴ വാങ്ങി പ്രഖ്യാപിത നയത്തെ ഒറ്റിക്കൊടുക്കാൻ കൂട്ട് നിൽക്കുകയും ചെയ്ത മാണിക്ക് ധാർമ്മികത നഷ്ടപ്പെട്ടിരിക്കുന്നു. ഇനി ഒരു നിമിഷം പോലും മന്ത്രിക്കസേരയിൽ ഇരിക്കാൻ അദ്ദേഹത്തിന് അവകാശമില്ല. തെരഞ്ഞെടുപ്പ് ഫണ്ടിലേക്കാണ് പണം സ്വീകരിച്ചതെന്ന കപടന്യായം വിശ്വസിച്ചാൽ തന്നെ, ഒരു ഉദ്ദേശവുമില്ലാതെ കോടിക്കണക്കിന് രൂപ ഒരു ബാറ് മുതലാളിയും ആർക്കും നൽകില്ല എന്നത് പരമാർത്ഥമാണ്. മാണി രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കാനുള്ള ചങ്കൂറ്റം ഉമ്മൻ ചാണ്ടി കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സോളാർ കേസിലേത് പോലെ തെളിവുകളെല്ലാം തേച്ച്മായ്ച് കളയുന്നതിനാണ് ബാർ കോഴ വിവാദത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതെന്നും അധികാരത്തിലിരിക്കുന്ന മന്ത്രിയെ തൊടാൻ ഒരു പൊലീസുകാരനും കഴിയില്ലെന്നും വിജിലൻസ് അന്വേഷണം പര്യാപ്തമല്ലെന്നും മുഖ്യ പ്രഭാഷണം നിർവ്വഹിച്ച ദേശീയ സെക്രട്ടറി കെ അംബുജാക്ഷൻ പറഞ്ഞു. സോളാർ കേസിൽ ഒത്തുതീർപ്പ് സമരം അഭ്യസിച്ച സിപിഐ(എം), മാണി വിഷയത്തിൽ കാണിക്കുന്ന അവ്യക്തത അധികാര മോഹത്തിന്റെ ഫലമാണ്. സിപിഎമ്മിന്റെ നിഷ്‌ക്രിയത്വം ജനദ്രോഹ നടപടികളിൽ എൽഡിഎഫും, യുഡിഎഫും ഒറ്റക്കെട്ടാണെന്ന ആരോപണം ശരിവെക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകര, സംസ്ഥാന സമിതിയംഗം ഡോ. സിഎം നസീമ, ജില്ലാ പ്രസിഡന്റ് മധു കല്ലറ, ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ്, സെക്രട്ടറി സൈഫുദ്ദീൻ പരുത്തിക്കുഴി എന്നിവർ സംസാരിച്ചു.