തിരുവനന്തപുരം: ഇടതുക്ഷ ജനാധിപത്യ മുന്നണി മദ്യമുന്നണിയായി അധപതിച്ചെന്നും ഇത് കേരള ജനത പൊറുക്കില്ലെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. കേരളത്തെ മദ്യത്തിന്റെ മഹാദുരന്തത്തിലേക്ക് തള്ളുന്ന മദ്യനയമാണ് പുതുതായി ഇടതുപക്ഷം പ്രഖ്യാപിച്ചിരിക്കുന്നത്.

പൂട്ടിയ മുഴുവൻ ബാറും തുറക്കുമെന്ന് മാത്രമല്ല കള്ള് കൂടി അത്തരം ബാറുകളിൽ അനുവദിക്കുമെന്നു പറയുന്നത് മദ്യത്തെ സുലഭമാക്കാനുള്ള വഴിയാണ്. മദ്യവർജ്ജനമാണ് നയമെന്ന് എന്നിട്ടും ഉളുപ്പില്ലാതെ പറയുകയും ചെയ്യുന്നു. ജനങ്ങളെ കബളിപ്പിച്ച് മദ്യമുതലാളിമാർക്ക് നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുകയാണ് സർക്കാർ ചെയ്തത്.

സ്‌കൂളുകളിൽ മയക്കുമരുന്നു വ്യാപാരം നിരോധിക്കാൻ മദ്യം വ്യാപകമാക്കുന്നതെന്ന ഇടതു നിലപാട് അത്യന്തം പരിഹാസ്യമാണ്. സർക്കാരിന്റെയും പൊലീസിന്റെയും എക്സൈസിന്റെയും പരാജയമാണ് മയക്കുമരുന്നു വ്യാപകമാകുന്നതിന് കാരണം. അത് തടയാൻ നട്ടെല്ലില്ലെങ്കിൽ എന്തിനാണ് നാണം കെട്ട് ഭരണത്തിലിരിക്കുന്നത്.

കേരളത്തെ സമ്പൂർണ്ണമായി ക്രിമിനൽ വത്കരിക്കുകയാണ് ഇടതു സർക്കാർ ചെയ്യുന്നത്. മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുമായും സമാനചിന്താഗതിയുള്ളവരുമായി ചേർന്ന് ശക്തമായ ബഹുജന പ്രക്ഷോഭങ്ങൾ ഉയർത്തി തെറ്റായ മദ്യനയം ഇടതു സർക്കാരിനെക്കൊണ്ട് തിരുത്തിക്കും. നാളെ മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു.