തിരുവനന്തപുരം: കർഷകരെ കൊല്ലുന്ന മോദി സർക്കാരിന്റെ നയത്തിനെതിരെ രാജ്യത്ത് നടക്കുന്ന കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി ജൂൺ 16 വെള്ളിയാഴ്ച ജില്ലാ കേന്ദ്രങ്ങളിൽ ഐക്യദാർഡ്യ സംഗമങ്ങൾ സംഘടിപ്പിക്കും. കാർഷിക കടം എഴുതിത്ത്തള്ളണമെന്നും വിളകൾക്ക് മാന്യമായ വില ലഭിക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം നയിക്കുന്ന കർഷകരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശ് സർക്കാർ വെടിവെച്ചു കൊല്ലുകയാണ്. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഹരിയാനയിലും വൻതോതിൽ കർഷക പ്രക്ഷോഭങ്ങൾ ഉയർന്നുവരുന്നുണ്ട്.

തക്കാളിക്കും ഉരുളക്കിഴങ്ങിനും കിലോയ്ക്ക് ഒരു രൂപ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്. എന്നാൽ പൊതു വിപണിയിൽ വൻവിലക്കാണ് ജനങ്ങൾ വാങ്ങുന്നത്. കാർഷിക കടം എഴുതിത്ത്തള്ളാൻ തയ്യാറാവാത്ത സർക്കാരും ബാങ്കുകളും വിജയ് മല്യയെയും അദാനിയെയും പോലുള്ള കോർപ്പറേറ്റ് മാഫിയകളുടെ വായ്പാകുടിശിഖകൾ വേണ്ടെന്നു വെയ്ക്കുകയാണ്. കേന്ദ്രധനമന്ത്രി കർഷകരുടെ വായ്പ എഴുതിത്ത്തള്ളുന്നതിന് സംസ്ഥാനങ്ങളെ സഹായിക്കില്ലാ എന്ന് പ്രഖ്യാപിച്ചതിലൂടെ മോദി സർക്കാറിന്റെ കർഷകരോടുള്ള നയം വ്യക്തിമാക്കിക്കഴിഞ്ഞു.

സാധാരണ കൃഷിക്കാരെ കാർഷിക മേഖലയിൽ നിന്ന് പിന്തിരിപ്പിച്ച് കോർപറേറ്റുകൾക്ക് കാർഷിക മേഖല വിട്ടുകൊടുക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. ഇതിന് ഇരകളായി ആയിരക്കണക്കിന് കർഷകരാണ് കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് രാജ്യത്ത് ആത്മഹത്യ ചെയ്തത്. രാജ്യത്തിന്റെ 30 ശതമാനം വരുന്ന കർഷകരെ ഇല്ലാതാക്കാനുള്ള നീക്കത്തെ ചെറുത്തുതോൽപിക്കാനായി കർഷകർ നടത്തുന്ന പ്രക്ഷോഭത്തെ വെൽഫെയർ പാർട്ടി പിന്തുണക്കും. ഇതിന്റെ ഭാഗമായി ജൂൺ 16 കർഷക ഐക്യദാർഢ്യ ദിനമായി പാർട്ടി ആചരിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.