തിരുവനന്തപുരം : പ്രവാസി ക്ഷേമത്തിനായുള്ള നോർക്കയിലെ ക്ഷേമനിധി ഓഫീസുകളിലും നോർക്കാ റൂട്ട്സിലും ആവശ്യത്തിന് ജീവനക്കാരെ സ്ഥിരമായി നിയമിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. നിലവിൽ നോർക്കയുടെ വിവിധ ഓഫീസുകളിൽ താത്കാലിക ജീവനക്കാരാണ് കൂടുതലും. അതിൽ തന്നെ പലരെയും പിരിച്ചു വിട്ടതോടെ നോർക്ക ഓഫീസുകളുടെ പ്രവർത്തനങ്ങൾ അവതാളത്തിലായിരുക്കുകയാണ്.

കോട്ടക്കലിലെ ക്ഷേമനിധി ഓഫീസ് പൂട്ടി. കൊല്ലത്തെ നോർക്ക റൂട്ട്സ് ഓഫീസും ജീവനക്കാരില്ലാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്. കോഴിക്കോട് രീയിയണിൽ 10 താത്കാരിക ജീവനക്കാരെ പിരിച്ച വിട്ടതോടെ മലപ്പുറം കോഴിക്കോട്, കാസർകോഡ് എന്നീ ഓഫീസുകളിലെ പ്രവർത്തനങ്ങൾ നിശ്ചലമായി വിവിധ പ്രവാസി സംഘടനകളുടെ പ്രചരണത്താൽ പ്രവാസി കാർഡിനും ക്ഷേമനിധിക്കുമായി അപേക്ഷിച്ച ലക്ഷക്കണക്കിന് പ്രവാസികളുടെ അപേക്ഷകൾ കേരളത്തിലെ വിവധ നോർക്കാ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്.

സമയബന്ധിതമായി കാർഡ് വിതരണം ചെയ്യാൻ കഴിയുന്നില്ല. അപേക്ഷിച്ച പലരുടെയും പാസ്പോർട്ടുകളും ഐ.ഡി കാർഡുകളും എക്സ്പെയർ ചെയ്യുന്ന സ്ഥിതിയുണ്ട്. പ്രോസസിങ് പൂർത്തിയാക്കിയവരുടെ കാർഡുകൾ വിതരണം ചെയ്യാതെ ഓഫീസുകളിലുണ്ട്. പ്രവാസികളുടെ ക്ഷേമത്തിനായുള്ള നോർക്കയിലെ വിവിധ ഓഫീസുകളിലേക്ക് സ്ഥിരമായി ജീവനക്കാരെ പി.എസ്.സി വഴി നിയമിക്കണം. സ്ഥിര നിയമനം ഉണ്ടാകുന്നതുവരെ അടിയന്തിരമായി ഡപ്യൂട്ടേഷനിൽ ജീവനക്കാരെ നിയമിച്ച് അടച്ച ഓഫീസുകൾ തുറക്കുകയും കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ അതിവേഗം തീർപ്പു കൽപിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു