തിരുവനന്തപുരം: പാർലമെന്റടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളിലെ ജനാധിപത്യം കാറ്റിൽ പറത്തിയ സംഘ്പരിവാർ സമഗ്രാധിപത്യം വെളിപ്പെടുന്നതാണ് രാജ്യസഭയിൽ ബി.എസ്‌പി നേതാവ് മായാവതി അംഗത്വം രാജിവെച്ച സംഭവമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. രാജ്യസഭാ ഉപാദ്ധ്യക്ഷനായ പി.ജെ കുര്യൻ സംഘ്പരിവാറിനായി വിടുപണി ചെയ്യുകയാണ്.

യു.പിയിൽ നടക്കുന്ന ദലിത് വംശീയ പീഡനങ്ങൾ സഭയിലുന്നയിക്കാൻ രാജ്യത്തെ പ്രധാന നേതാക്കളിലൊരാളായ മായവതിയെ അനുവദിക്കാതിരുന്നത് അത്യന്തം പ്രതിഷേധാർഹമാണ്. രാജ്യത്തെ ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണിത്. ഉപാധ്യക്ഷന്റെ പവിത്രമായ കസേരയിലിരുന്ന് സംഘ്പരിവാറിന് ഏജൻസി വേല ചെയ്യുന്ന പി.ജെ കുര്യൻ ജനാധിപത്യത്തിന് തീരാ കളങ്കമാണ് വരുത്തിവെച്ചത്. ധാർമ്മികമായ പ്രശ്നങ്ങൾ കുര്യനെതിരെ ഉയർന്നിട്ടും മാറ്റി നിർത്താതെ രാജ്യസഭയിലേക്കെത്തിച്ചതിന് കോൺഗ്രസ് ഉത്തരം പറയണം.

മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മുഖംമൂടിയണിഞ്ഞ് സംഘ്പരിവാറിനെ സഹായിക്കുന്നവരെ തിരിച്ചറിയണം. ജനപ്രതിനിധി സഭകളിൽ ജനങ്ങുടെ പ്രശ്നങ്ങളവതരിപ്പിക്കുന്നത് ഇഷ്ടപ്പെടാത്ത സംഘ്പരിവാർ ഫാസിസം രാജ്യത്തെയും ഭരണഘടനാസ്ഥാപനങ്ങളെയും വിഴുങ്ങന്നത് ചെറുക്കാൻ മതേതരവിശ്വാസികളും ജനാധിപത്യവാദികളും കൈകോർക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.