തിരുവനന്തപുരം: ബിപിൻ വധക്കേസിലെ കുറ്റാരോപിതനായ വ്യക്തിയുടെ ഭാര്യ ഷാഹിനയെ അറസ്റ്റ് ചെയ്ത നടപടി അന്യായമാണെന്നും അവരെ ഉടനെ വിട്ടയക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.

കേരളത്തിൽ പൊലീസ് രാജാണ് നടക്കുന്നത്. ഭർത്താവിന് നേരെ കുറ്റാരോപണമുണ്ടെന്നു കരുതി ഒരു സ്ത്രീയെ വീട്ടിൽ കയറി അറസ്റ്റ് ചെയ്ത് ജയിലിലടക്കുക എന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. അതാണ് തിരൂരിൽ സംഭവിച്ചത്. അറസ്റ്റിന് ന്യായം ചമക്കാൻ കള്ളക്കേസുകൾ പൊലീസ് സൃഷ്ടിക്കുകയാണ്. കേരളാ പൊലീസ് വിവേചനപരമായാണ് പെരുമാറുന്നത്. ഫൈസൽ വധക്കേസിലെ കുറ്റവാളികളെ നീതിപൂർവ്വം കൈകാര്യം ചെയ്യുന്നതിൽ പൊലീസിനും പ്രോസിക്യൂഷനും സംഭവിച്ച മനഃപൂർവമായ വീഴ്ചയാണ് ബിപിൻ വധത്തിനിടയാക്കിയത്.

ആ കൊലപാതകത്തിലെയും കുറ്റവാളികളെ ശിക്ഷിക്കണം. പക്ഷേ കുറ്റാരോപിതരുടെ കുടുംബങ്ങളിലെ സ്ത്രീകൾക്ക് നേരെയുള്ള പൊലീസ് കൈയേറ്റം നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്. തിരൂരിൽ അറസ്റ്റ് ചെയ്ത ഷാഹിനയെ ഉടൻ വിട്ടയക്കണം. പൊലീസിലെ ഇരട്ട നീതി കേരളീയ സമൂഹം തിരിച്ചറിയണമെന്നും കേരളത്തിലുള്ളത് മതേതര സർക്കാരാണെങ്കിൽ പൊലീസിനെ തിരുത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.