തിരുവനന്തപുരം : നേരും നെറിയുമില്ലാത്ത രാഷ്ട്രീയത്തിന്റെ വികൃത മുഖം വെളിപ്പെടുത്തു ന്നതാണ് സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലൂടെ പുറത്തു വന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്ക് ബാധിച്ച മൂല്യച്യുതിയുടെ പാരമ്യത ബോധ്യപ്പെടുത്തുന്നതാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെ ദുരുപയോഗപ്പെടുത്തി അദ്ദേഹത്തിന്റെ ഇഷ്ടക്കാർ കാട്ടിക്കൂട്ടിയ നെറികേടിന് ധാർമികമായ ഉത്തരവാദിത്തം ഉമ്മൻ ചാണ്ടിക്കുണ്ട് ആരോപണങ്ങൾ ഉയർന്ന അവസരത്തിൽ തന്നെ അത് വെൽഫെയർ പാർട്ടി ചൂണ്ടിക്കാട്ടിയിരുന്നു.

ആരോപണ വിധേയരായവർക്കെതിരെ കേസെടുക്കാനുള്ള സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ സർക്കാരുകൾ നിയമിച്ച ഇത്തരം നിരവധി കമ്മീഷനുകളുടെ റിപ്പോർട്ടുകൾ പ്രത്യേകിച്ചൊരു നടപടിയുമില്ലാതെ മൂലക്കിരുപ്പുണ്ട്. അതേ ഭാവി ആകരുത് ശിവരാജൻ കമ്മീഷന്റേത്്. ഉന്നതർക്ക് നേരേ വരുന്ന ആരോപണങ്ങൾ കൃത്യമായ അന്വേഷണമോ നടപടിയോ ഇല്ലാതെ തേച്ച് മാച്ച് കളഞ്ഞ നിരവധി സംഭവങ്ങളുണ്ട് കേരളത്തിൽ തന്നെ. അതേ ഗതി സോളാർ കേസിന് വരരുത്. ധാർമികത പാലിക്കാത്ത നേതാക്കളെ അണികൾ തള്ളിക്കളയണം. പഴുതില്ലാത്ത നിയമ നടപടികളിലൂടെ സോളാർ ഇടപാടിലെ എല്ലാ കുറ്റവാളികളെയും ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.