തിരുവനന്തപുരം: ഹാദിയയെ സുപ്രീം കോടതിയിൽ നവം 27ന് ഹാജരാക്കണമെന്ന കോടതി വിധി സ്വാഗതാർഹമാണ് അതുവരെ ഹാദിയയുടെ സംരക്ഷണവും സുരക്ഷയും കേരള സർക്കാർ ഉറപ്പ് വരുത്തണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

സുപ്രീം കോടതി ഇതു സംബന്ധിച്ച് വ്യക്തമായ പരാമർശം നടത്തിയിട്ടുണ്ട്. ഹാദിയക്ക് ജീവന് ഭീഷണിയുണ്ടെന്നും മയക്കി കിടത്താൻ മരുന്നുകൾ നൽകുന്നുവെന്നും വെളിപ്പെടുത്തലുകൾ വന്ന സ്ഥിതിക്ക് കൂടുതൽ ഗൗരവത്തോടെ സർക്കാർ ഇതിൽ ഇടപെടണം. നിശ്ചിത ഇടവേളകളിൽ സർക്കാർ തന്നെ വൈദ്യപരിശോധന ഉറപ്പാക്കണം. ഇത്ര ഗൗരവമുള്ള സ്ഥിതിവിശേഷമുണ്ടായിട്ടും നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇടതുപക്ഷ എംഎ‍ൽഎയോ മറ്റ് ജനപ്രതിനിധികളോ പോലും ഹാദിയയെ സന്ദർശിക്കാനോ സ്ഥിതിഗതികൾ പഠിക്കാനോ ശ്രമിച്ചില്ല എന്നത് അത്യന്തം അപലപനീയമാണ്.

വനിതാകമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പാലിച്ച മൗനവും അപകടകരമാണ്. ഇവരൊക്കെ ഇനിയെങ്കിലും ഹാദിയയുടെ സുരക്ഷാപ്രശ്നത്തിൽ ഇടപെടണം. സ്വബോധത്തിലും ജീവനോടെയും ഹാദിയയെ കോടതിയൽ ഹാജരാക്കാനുള്ള സാഹചര്യങ്ങൾ പിണറായി സർക്കാർ ഒരുക്കണം. സംഘ്പരിവാറിന്റെ ഗൂഢതന്ത്രങ്ങൾ വിജയിക്കാൻ കേരളാ സർക്കാർ വഴിമരുന്നിടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.