തിരുവനന്തപുരം : കൊട്ടകാമ്പൂർ ഭൂമി പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ കൈയേറ്റക്കാർക്ക് ഒത്താശ ചെയ്യാനാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആരോപിച്ചു. എംപി ജോയ്സ് ജോർജിന്റെയും മറ്റ് വൻകിട കൈയേറ്റക്കാരുടെയും റവന്യൂ-വനഭൂമി കൈയേറ്റങ്ങളെ സംരക്ഷിക്കാനാണ് നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർ നിർണ്ണയിക്കാനുള്ള തീരുമാനം. സർക്കാർ ഭൂമി സംരക്ഷിക്കേണ്ടത് റവന്യൂ വകുപ്പാണ്.

വകുപ്പിന്റെ നടപടികൾക്ക് മേൽ നോട്ടം വഹിക്കേണ്ട റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി സി.എച്ച് കുര്യന്റെ പ്രവർത്തനങ്ങൾ ദുരൂഹമാണ്. റവന്യൂ മന്ത്രി തന്നെ അതൃപ്തി രേഖപ്പെടുത്തിയ ഈ ഉദ്യോഗസ്ഥനെ നീലകുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർ നിർണ്ണയിക്കാൻ നിശ്ചയിച്ചത് സകല കൈയേറ്റക്കാരുടെയും കൈയേറ്റങ്ങളെ നിയമവിധേയമാക്കി മാറ്റി നൽകാനാണ്.

അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വനമേഖലയെ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയും അവഹേളിച്ചും നിയമലംഘകർക്ക് കൂട്ട് നിൽക്കുകയാണ് മുഖ്യമന്ത്രിയും എം.എം മണി അടക്കമുള്ള സി.പി.എം നേതാക്കളും. ഒരു ഭാഗത്ത് വികസനത്തിന്റെ പേരിൽ ജനങ്ങളെ സ്വന്തം മണ്ണിൽ നിന്ന് കുടിയൊഴിപ്പിക്കുന്ന സർക്കാർ പരിസ്ഥിതി ലോലപ്രദേശങ്ങളെയും വനഭൂമിയേയും കൈയേറ്റക്കാർക്കായി തുറന്നിട്ടിരിക്കുന്നു. പശ്ചിമഘട്ടം പോലെ പ്രാധാന്യമായ മേഖലകളെ തകർക്കുന്ന എൽ.ഡിഎഫ് സർക്കാർ നീക്കം കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതത്വത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.