തിരുവനന്തപുരം: ഗുജറാത്തിൽ ബിജെപി തുടർച്ചയായി ആറാം തവണയും വിജയം നേടിയത്, സംസ്ഥാനത്തെ ജനങ്ങളിൽ വലിയ വിഭാഗത്തെ വർഗീയമായി വിഭജിച്ചതിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷനെയടക്കം ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പ് അട്ടിമറിയുടേതുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.

നിരവധിയിടങ്ങളിൽ വോട്ടിങ് മെഷിനുകളിൽ കൃത്രിമം നടത്തിയെന്ന് വ്യക്തമായിട്ടും വി.വി.പാറ്റ് മെഷീനിൽ രേഖപ്പെടുത്തിയ പേപ്പർ വോട്ടുകൾ എണ്ണാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിക്കുന്നത് കൃത്രിമം നടന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്. രാജ്യത്തെ സാമ്പത്തികമായും സാമൂഹ്യമായും അസ്ഥിരപ്പെടുത്തിയ ജനവിരുദ്ധ ഭരണമാണ് സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി സർക്കാറുകളുടേത്. ഇതിനെതിരെയുള്ള ജനവികാരം പ്രകടമായിട്ടും ഇത്തരത്തിലുള്ള ഫലം വന്നത് ജനാധിപത്യത്തെ അട്ടിമറിച്ചതിനാലാണ്. രാജ്യത്ത് ഇനി നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കാനാവാത്ത നിലയിലാണുള്ളത്.

കോൺഗ്രസ് അടക്കമുള്ള മതേതര പാർട്ടികളും നിലപാടുകൾ പരിശോധിക്കേണ്ടതാണ്. ഗുജറാത്തിൽ വെൽഫെയർ പാർട്ടി നിരുപാധികമായി കോൺഗ്രസിനെ പിന്തുണച്ചിരുന്നു. നിരവധി സാമൂഹ്യ വിഭാഗങ്ങളും കോൺഗ്രസിനെ പിന്തുണക്കുകയായിരുന്നു. പക്ഷേ മതനിരപേക്ഷ നിലപാടുയർത്തി അനുകൂല സാഹചര്യത്തെ വേണ്ടത്ര ഉപയോഗപ്പെടുത്താൻ കോൺഗ്രസിനായിട്ടില്ല. ഗ്രാസ് റൂട്ട് തലത്തിൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ശക്തമല്ലാതിരുന്നത് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ബിജെപിക്ക് അനായസമാക്കിയിട്ടുണ്ട്.

വിവിധ ജനവിഭാഗങ്ങളുടെ സാഹോദര്യം വർഗീയ ശകതികളുടെ മുന്നേറ്റത്തെ തടയുമെന്നതിന് തെളിവാണ് വാദ്ഗാം മണ്ഡലത്തിൽ ദലിത് നേതാവ് ജിഗ്‌നേഷ് മേവാനിയുടെ വിജയം. വെൽഫെയർ പാർട്ടിയുടെ പിന്തുണയുണ്ടായിരുന്നു. മേവാനിയുടെ മതേതര ഇന്ത്യക്ക് ഒരു പാഠമാണ്. മതന്യൂനപക്ഷങ്ങളുടെയും ദലിത് ജനവിഭാഗങ്ങളുടെയും ആശങ്കകളെ മുഖവിലയ്ക്കെടുത്ത് ഐക്യത്തോടെ ജനങ്ങളുടെ ഇടയിലിറങ്ങി പ്രവർത്തിക്കാൻ മതേതര പാർട്ടികൾ തയ്യാറാകണം. ഇന്ത്യൻ പൗരസമൂഹം ജാഗ്രത്തായി നിലകൊണ്ടില്ലെങ്കിൽ രാജ്യം ഗുരുതരമായ അപകടത്തിലെത്തിപ്പെടുമെന്നും ആദ്ദേഹം ഓർമിപ്പിച്ചു.