- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രസർക്കാരിനെതിരെ ശബ്ദിച്ചതിന്റെ പേരിൽ അന്യായമായി അറസ്റ്റ്: രാഷ്ട്രീയ തടവുകാർക്ക് അടിയന്തര ജാമ്യം ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ പ്രതിഷേധ സംഗമം
കോഴിക്കോട്: കേന്ദ്ര സർക്കാറിനെതിരെ ശബ്ദിച്ചതിന്റെ പേരിൽ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട മുഴുവൻ രാഷ്ട്രീയ തടവുകാർക്കും അടിയന്തര ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ വെൽഫെയർ പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. 'ജാമ്യമാണ് നീതി' എന്ന തലക്കെട്ടിൽ നടന്ന പ്രതിഷേധ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രസിഡണ്ട് ഹമീദ് വാണിയമ്പലം നിർവഹിച്ചു. ഹിന്ദുത്വ ഭരണകൂടം കെട്ടിച്ചമച്ച കേസുകളുടെ പിൻബലത്തിലാണ് ഭരണകൂടം അന്യായമായ അറസ്റ്റുകൾ നടത്തിയിട്ടുള്ളത്.
വിദ്യാഭ്യാസ - മാധ്യമ - സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെയാണ് കാരണം കൂടാതെ അറസ്റ്റ് ചെയ്യുകയും ജയിലറകളിൽ ക്രൂരമായ പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്നത്.കോവിഡ് മഹാമാരിയുടെ കാലത്ത് അറസ്റ്റുചെയ്യപ്പെട്ട രാഷ്ട്രീയ തടവുകാർക്ക് പോലും ആവശ്യമായ ചികിത്സയോ പരിഗണനയോ നൽകാൻ സർക്കാർ തയ്യാറാകുന്നില്ല. മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനും ഡൽഹി സർവകലാശാല അസോസിയേറ്റ് പ്രൊഫസർ ഹാനി ബാബുവിനും ജെസ്യൂറ്റ് പാതിരി സ്റ്റാൻ സ്വാമിക്കും വിദഗ്ധ ചികിത്സ നൽകാൻ കോടതി ഇടപെടേണ്ടി വന്ന സാഹചര്യമാണ് നിലവിലുള്ളത്.
സർക്കാർ അന്യായമായി അറസ്റ്റ് ചെയ്ത മുഴുവൻ പോരാളികൾക്കും അടിയന്തരമായി ജാമ്യം അനുവദിക്കുകയും ആവശ്യമായവർക്ക് മതിയായ ചികിത്സ നൽകാനും സർക്കാർ തയ്യാറാകണം. അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തികളുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കണം. ജയിലറകളിൽ കിടക്കുന്ന രാഷ്ട്രീയ തടവുകാർക്കെതിരെ ഭീകരമായ മനുഷ്യാവകാശലംഘനമാണ് സംഘ്പരിവാർ സർക്കാർ നടത്തുന്നത്. ഇതിനെതിരെ രാജ്യത്ത് ശക്തമായ പ്രക്ഷോഭം ഉയർന്നു വരണമെന്ന് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.തടവുകാർക്ക് അടിയന്തരമായി ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ആയിരത്തിൽപരം വീടുകളിൽ പ്രതിഷേധ പരിപാടികൾ നടന്നു. പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്.