തിരുവനന്തപുരം: ജി.എസ്.ടി വന്നതോടെ നിത്യാപയോഗ സാധനങ്ങളുടെതടക്കം വിപണിയിൽ വൻവില വർദ്ധനയാണ് അനുഭവപ്പെടുന്നത്. ജി.എസ്.ടിയുടെ പേരിൽ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത് സർക്കാർ തടയണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. ചെറുകിട കച്ചവടങ്ങൾക്കും ചെറുകിട ഹോട്ടലുകൾക്കുമെല്ലാം ജി.എസ്.ടി ബാധകമായതോടെ ഉപഭോക്താക്കൾ അധികവില കൊടുക്കേണ്ടി വരികയാണ്. സാധാരണക്കാർക്കാവശ്യമുള്ള ഒറ്റ ഉൽപന്നത്തിനും വില കുറഞ്ഞിട്ടില്ല. നികുതികളുൾപ്പെടെ പരമാവധി വില്പന വില നിശ്ചയിച്ചിരുന്ന ഉൽപന്നങ്ങളുടെ നികുതിയുൾപ്പെടെയുള്ള വില നിലനിർത്തിക്കൊണ്ടാണ് ജി.എസ്.ടി പിരിച്ചെടുക്കുന്നത്. ഇതൊന്നും നിയന്ത്രിക്കാനോ നോക്കാനോ സർക്കാർ തയ്യാറാകുന്നില്ല. വിലനിർണായാവകാശം വ്യാപാരികൾക്ക് വിട്ടു നൽകി സർക്കാർ കൈകഴുകുകയാണ്. കുടുംബശ്രീയടക്കമുള്ള മൈക്രോലെവൽ സംരഭങ്ങൾ അടച്ചു പൂട്ടൽ ഭീഷണി നേരിടുന്നു.

കേരള ധനമന്ത്രി തോമസ് ഐസക് ഒരു വ്യക്തതയുമില്ലാത്ത വിധമാണ് സംസാരിക്കുന്നത്. കോഴിയിറച്ചിയുടെ വില നിയന്ത്രിക്കാനിറങ്ങി കൈപൊള്ളിയതോടെ അദ്ദേഹത്തിനിപ്പോൾ മിണ്ടാട്ടമില്ല. ഫാസിസ്റ്റ് സർക്കാരിന്റെ ഫെഡറൽ വിരുദ്ധ നയങ്ങൾക്ക് ഒത്താശ ചെയ്യുകയല്ല കേരളത്തിലെ ഇടതുപക്ഷം ചെയ്യേണ്ടത്. നോട്ട് നിരോധത്തിന് ശേഷം കേന്ദ്ര സർക്കാർ ജനങ്ങൾക്കേൽപിച്ച കനത്ത പ്രഹരമാണ് ജി.എസ്.ടി. ചെറുകിട ഹോട്ടലുകളെയും നിത്യോപയോഗ സാധനങ്ങളെയും ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കണമെന്നും ജനങ്ങളുടെ പ്രയാസം അകറ്റാനും വിലക്കയറ്റം നിയന്ത്രിക്കാനും അടിയന്തിര നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന സംസ്ഥാന എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു