മലപ്പുറം: ജനകീയ സമരങ്ങളെ തീവ്രവാദ മുദ്ര ചാർത്തി ആക്രമിക്കുന്നതിന് സി.പി.എം കണക്കു പറയേണ്ടിവരുമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. കേരളത്തിലെ ജനകീയ സമരങ്ങളിൽ തീവ്രവാദം ആരോപിച്ച് ഒറ്റപ്പെടുത്തി ഇല്ലാതാക്കാനുള്ള ശ്രമം സി.പി.എം ഇപ്പോഴല്ല തുടങ്ങിയത്. അതിന്റെ ഒടുക്കത്തെ ഉദാഹരണം മാത്രമാണ് ഗെയില് വിരുദ്ധ സമരത്തിനെതിരെയുള്ള ആക്രമണങ്ങൾ. ചെങ്ങറ സമരത്തിനെതിരെ തൊഴിലാളികളെ ഉപയോഗിച്ച് ഹാരിസണിന് വേണ്ടി ആക്രമണം നയിച്ച പാരമ്പര്യം സിപിഎമ്മിന്റേതാണ്.

കിനാലൂരിലെ ജനങ്ങളുടെ പ്രക്ഷോഭത്തെ അടിച്ചൊതുക്കാനും ആരോപണം ഉന്നയിക്കാനും മുൻപന്തിയിൽ നിന്നത് എളമരം കരീമും സി.പിഎമ്മുമാണ്. ആദിവാസികളുടെ നിൽപു സമരത്തെയും കുടിൽകെട്ടി സമരത്തെയും തള്ളിപ്പറഞ്ഞ പാരമ്പര്യവും സിപിഎമ്മിന്റെതാണ്. പ്ലാച്ചിമട സമരത്തെആദ്യഘട്ടത്തിൽ സി.പിഎം പ്രാദേശിക നേതാക്കൾ തള്ളിപ്പറഞ്ഞിരുന്നു. ദേശീയപാത സംരക്ഷണ പ്രക്ഷോഭത്തെയും പുതുവൈപ്പിലെ ജനകീയ സമരത്തെയും അവർ ഭീകരവാദവും തീവ്രവാദവും ആരോപിച്ചിട്ടുണ്ട്. വിളപ്പിൽശാല മാലിന്യ വിരുദ്ധ പ്രക്ഷോഭത്തെയും വെളിച്ചിക്കാലയിലെ ജനങ്ങളുടെ അതിജീവന സമരത്തെയും സി.പിഎം സമാന ആരോപണങ്ങളുന്നയിച്ച് തള്ളിപ്പറഞ്ഞിട്ടുണ്ട്.

ഇതെല്ലാം കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങൾ സംഘടിപ്പിച്ച അതിജീവന പ്രക്ഷോഭങ്ങളാണ്. ഇവിടെയെല്ലാം മറുതലക്കൽ നിന്ന് കോർപ്പറേറ്റുകൾക്കും മാഫിയകൾക്കും വേണ്ടി കങ്കാണിപ്പണിയെടുക്കുകയാണ് സ.പിഎമ്മിന്റെ രീതി. ഈ ചതി കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞതാണ്. ജനവഞ്ചന ഇനിയും തുടർന്നാൽ സിപിഎമ്മിന്റെ അന്ത്യം വൈകാതെ കേരളത്തിലും സംഭവിക്കുമെന്നും പശ്ചിമബംഗാൾ പാഠമാവുന്നില്ലെങ്കിൽ കേരള ജനത സിപിഎമ്മിനെ പാഠം പഠിപ്പിക്കുമെന്നും വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി. ജില്ല പ്രസിഡന്റ് എം.ഐ റഷീദ് അദ്ധ്യക്ഷത വഹിച്ചു.