മലപ്പുറം കളക്ടറേറ്റിലുണ്ടായ സ്ഫോടനത്തിലെ ദുരൂഹത നീക്കി യഥാർത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യണെമന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കേരളത്തിൽ നില നിൽക്കുന്ന സമാധാനാന്തരീക്ഷം തകർക്കണമെന്നാഗ്രഹിക്കുന്ന ശക്തികളാണ് ഇത്തരം നിഗൂഢ പ്രവർത്തനത്തിനു പിന്നിലുള്ളത്. മലപ്പുറത്തെ സംഘർഷങ്ങളുടെ കേന്ദ്രമെന്ന് വരുത്തിത്തീർക്കാൻ ഇത്തരം ശക്തികൾ നീഗൂഢ നീക്കങ്ങൾ ഏറെക്കാലമായി നടത്തിക്കൊണ്ടിരിക്കുകയാണ്.

1993 ലെ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിലേക്ക് ബോംബെറിഞ്ഞ ശേഷം ആ പേരിൽ വർഗീയ കലാപം നടത്താൻ സംഘ്പരിവാർ അന്നു നടത്തിയ ശ്രമവും അന്നത്തെ മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ സമയോചിത ഇടപെടൽ മൂലം അത് നടക്കാതെപോയതും കേരളത്തിലെല്ലാവർക്കും അറിയുന്നതാണ്.

രാജ്യത്ത് നടന്നിട്ടുള്ള സ്ഫോഢനങ്ങളിൽ പലപ്പോഴും ആദ്യം കുറ്റമാരോപിക്കപ്പെടുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നവരല്ല യഥാർത്ഥ പ്രതികളെന്ന് പലതവണ വ്യക്തമായതാണ്. മാലേഗാവ്, മക്കാ മ്സജിദ്, അജ്മീർ, നന്ദേഡ് തുടങ്ങിയ സ്ഫോഢനങ്ങളിലൊക്കെ കുറ്റമാരോപിക്കപ്പെട്ട മുസ്ലിം ചെറുപ്പക്കാർ നിരപരാധികളാണെന്ന് പിന്നീട് തെളിയിക്കപ്പെടുകയും സനാതൻ സസ്തയെപ്പോലുള്ള ഭീകര സംഘടനകളാണ് അവയ്ക്കു പിന്നിലെന്ന് പിന്നീട് തെളിയിക്കപ്പെടുകയും ചെയ്തിട്ടുള്ളതാണ്. സൈന്യത്തിലെ ചില ഉന്നതോദ്യോഗസ്ഥരാണ് ഇത്തരം സംഘടകൾക്ക് സ്ഫോഢക വസ്തുക്കളും കൈമാറിയതെന്നും ഹേമന്ത് കാർക്കരെയുടെ നേതൃത്വത്തിലെ അന്വേഷണ സംഘം കണ്ടെത്തിയതാണ്.
ഇതെല്ലാം ചേർത്തു വായിക്കുമ്പോൾ മലപ്പുറത്തെ കലക്ട്രേറ്റിൽ നടന്ന സ്ഫോഢനത്തിൽ ദുരൂഹതകളുണ്ടെന്നു ബോധ്യമാകും. കേരളത്തെ കലാപക്കളമാക്കുക എന്നത് സംഘ്പരിവാറിന്റെ മാത്രം താത്പര്യമാണ്.

അവർ തെളിക്കുന്ന വഴിയേ കേരളത്തിലെ പൊലീസും അന്വേഷണ ഏജൻസികളും പോകരുത്. കേരളത്തിലെ ഇടതു സർക്കാർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. സംസ്ഥാനത്തെ പൊലീസ് സേനയെക്കൊണ്ട് തന്നെ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടു വരണമെന്നും ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.