തിരുവനന്തപുരം: ഹാദിയ വീട്ടു തടങ്കലിലല്ല എന്ന പിതാവിന്റെ വാദം ശരിവെയ്ക്കാനുള്ള ഗൂഢാലോചനയാണ് നേരിട്ട് പരാതി കിട്ടാതിരുന്നിട്ടും ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സന്റെ ഹാദിയ സന്ദർശനമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു.

നിരവധി മനുഷ്യാവകാശ പ്രവർത്തകരടക്കം രേഖാമൂലം പരാതി നൽകിയിട്ടും ഹാദിയയുടെ ജീവനു ഭീഷണിയുണ്ടെന്ന് അവർ തന്നെ പറയുന്ന വീഡിയോ പുറത്തു വന്നിട്ടും ആ വഴിക്കു തിരിഞ്ഞ് നോക്കാത്ത കേരള വനിതാ കമ്മീഷന്റെയും മനുഷ്യാവകാശകമ്മീഷന്റെയും നിലപാട് ആർ.എസ്.എസ് താത്പര്യങ്ങളെ സംരക്ഷിക്കുന്നതാണ്. ഘർവാപസി കേന്ദ്രത്തിലെ പീഡകരായ പ്രതികളെ സന്ദർശിച്ച് കേരളത്തിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നതായ ദേശീയ വനിതാ കമ്മീഷന്റെ പ്രസ്താവന അത്യന്തം അപലപനീയമാണ്. കേരളത്തിൽ ഭീതിപരത്താൻ സംഘ്പരിവാറിന് അവസരമൊരുക്കാൻ ഇടതു സർക്കാറിന്റെ നിലപാടും കാരണമായതായി അദ്ദേഹം ആരോപിച്ചു.