തിരുവനന്തപുരം: കേരളത്തിലെ പതിനൊന്നു കേന്ദ്രങ്ങളിൽ വെൽഫെയർ പാർട്ടി യുടെ നേതൃത്വത്തിൽ പതിനായിരക്കണക്കിന് ഭൂരഹിതർ സർക്കാർ ഭൂമി പിടിച്ചെടുക്കൽ സമരം നടത്തി. ഭൂമി ലഭ്യമല്ലെന്ന സർക്കാർ ന്യായത്തിന്റെ പൊള്ളത്തരത്തെ കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിലുള്ള സർക്കാർ ഭൂമി കൈയേറി തുറന്നു കാട്ടുകയായിരുന്നു ഭൂമി പിടിച്ചെടുക്കൽ സമരത്തിലൂടെ. 2015 ഡിസംബർ 31ന് മുമ്പ് മുഴുവൻ ഭൂരഹിതർക്കും  ഭൂമി നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ലംഘിച്ചതിനെ തുടർന്നാണ് വെൽഫെയർ പാർട്ടി  ഭൂസമരസമിതി സമരവുമായി രംഗത്തുവന്നത്.

ഭൂരഹിതർക്ക്  വാസയോഗ്യമല്ലാത്ത ഭൂമി നല്കുമെന്ന ഉറപ്പ് പാലിക്കാത്ത ഉമ്മൻ ചാണ്ടി സർക്കാറിന്റെ കൊടുംവഞ്ചനക്കെതിരെ കേരളത്തിലെ ഭൂരഹിതരുടെ ശക്തമായ പ്രതിഷേധത്തിന്റെ സൂചനയാണ് ഒരു ദിവസത്തേക്കുള്ള ഈ ഭൂമി പിടിച്ചെടുക്കൽ സമരമെന്നും ഈ സൂചന കണ്ട് സർക്കാർ വാഗ്ദാനം പാലിക്കാത്ത പക്ഷം ഭൂമി പിടിച്ചെടുത്ത് അന്തിമ ജീവിത സമരത്തിന് പാർട്ടി  നേതൃത്വം കൊടുക്കുമെന്നും തൃശൂരിൽ സമരം ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. സോണിയാഗാന്ധി നല്കിയ പട്ടയത്തിന്റെ പേപ്പറുമായി നെടുവീർപ്പിടുന്നവർ ഉൾപ്പെടെ മുഴുവൻ ഭൂരഹിതർക്കും  ഭൂമി ലഭിക്കുംവരെ പാർട്ടി  സമരരംഗത്തുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഭാവി വികസനത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കിയ പിണറായി വിജയൻ മൂന്നര ലക്ഷം വരുന്ന ഭൂരഹിതർക്കു വേണ്ടി എന്താണ് ചെയ്യാൻ പോകുന്നതെന്ന് പറയാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാട്ടക്കരാർ ലംഘിച്ച ഹാരിസണിന്റെ കൊല്ലം ജില്ലയിലെ കഴുതുരുട്ടിയിലെ ഭൂമി പിടിച്ചെടുത്ത് സമരം നടത്താനെത്തിയ പാര്ട്ടി് ജില്ലാ നേതാക്കളേയും ഭൂരഹിതരേയും ഹാരിസണിന്റെ ഗുണ്ടകളും പൊലീസും കൈയേറ്റം ചെയ്യുകയുണ്ടായി. മലപ്പുറത്തെ പാലത്തിങ്കൾ ഭൂമിയിലേക്കെത്തിയ സമര ഭടന്മാർക്ക്  നേരെയും പൊലീസ് അക്രമം അഴിച്ചുവിട്ടു.
ഭൂരഹിതർക്കു  ഭൂമി വിതരണം ചെയ്യുന്നതിന് മാത്രമാണ് സർക്കാർ ഭൂമിയില്ലെന്ന ന്യായം പറയുന്നത്. കേരളത്തിൽ ഹാരിസൺ ഒരുലക്ഷത്തിലേറെ ഏക്കർ ഭൂമിയാണ് കൈവശം വച്ചിരിക്കുന്നത്. നിരവധി സ്ഥലങ്ങളിൽ ഇഷ്ടക്കാരായ ക്വാറി മാഫിയ, ലാന്റ് മാഫിയ തുടങ്ങിയവർക്കു വനഭൂമിയും സർക്കാർ ഭൂമിയും യഥേഷ്ടം പതിച്ചു നല്കുകയാണ്. പട്ടയം കിട്ടിയ ഭൂരിപക്ഷം ഭൂരഹിതർക്കും  ലഭിച്ച ഭൂമി വാസയോഗ്യമല്ല. മറ്റുള്ളവർക്ക് ലഭിച്ച ഭൂമി മറ്റ് പലരുടെയും കയ്യിലാണ്. ഭൂരഹിതർക്കു  വിതരണം ചെയ്യാൻ ലാന്റ് ബാങ്കിലുള്ള ഭൂമി തന്നെ ഭൂരഹിതരല്ലാത്ത സ്വകാര്യവ്യക്തികൾക്കും  മറ്റും പതിച്ചുകൊടുക്കുകയാണ്. ഭൂപതിവ് ചട്ടത്തിൽ ഇളവു വരുത്തി സകല കൈയേറ്റഭൂമികളും നിയമവിധേയമാക്കി നല്കുകയുമാണ് ഉമ്മൻ ചാണ്ടി സർക്കാർ.

കോഴിക്കോട് വെള്ളിമാട്കുന്ന് പൂളക്കടവിൽ നടന്ന സമരം ദേശീയ സെക്രട്ടറി കെ.അംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറിമാരായ തെന്നിലാപുരം രാധാകൃഷ്ണനും പി.എ അബ്ദുൽ ഹക്കീമും എന്നിവർ മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്കൽ, പത്തനംതിട്ട കൂടൽ പുന്നമൂട് എന്നിവടങ്ങളിലെ സമരം ഉദ്ഘാടനം ചെയ്തു. ആലപ്പുഴ കോമളപുരത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രേമ ജി പിഷാരോടിയും കൊല്ലം കഴുതുരുട്ടി ഹാരിസൺ ഭൂമിയിലേക്ക് നടന്ന സമരം വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കരിപ്പുഴയും ഉദ്ഘാടനം ചെയ്തു. പാലക്കാട് സംസ്ഥാന ട്രഷറർ പ്രൊ.പി. ഇസ്മയിലും തിരുവനന്തപുരം, എറണാകുളം, കാസർകോട് എന്നിവടങ്ങളിൽ സംസ്ഥാന സെക്രട്ടറിമാരായ റസാഖ് പാലേരി, ശ്രീജ നെയ്യാറ്റിന്കപര, കെ.എ. ഷെഫീഖ് എന്നിവരും ഉദ്ഘാടനം നിർവഹിച്ചു.