തിരുവനന്തപുരം: സർക്കാറിന്റെ കാലാവധി അവസാനിച്ച് ഇറങ്ങിപ്പോകുന്ന സന്ദർഭത്തിൽ സ്വന്തം മണ്ഡലത്തിലെ  ഇഷ്ടക്കാർക്ക് വേണ്ടി സർക്കാർ ഭൂമി നല്കി കൊണ്ട് റവന്യൂ വകുപ്പ് മന്ത്രി പുറപ്പെടുവിച്ച ഉത്തരവ് ഉടൻ റദ്ദ് ചെയ്യണമെന്ന് വെൽഫെയർ പാർട്ടി  സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. കേരളത്തിലെ ഭൂരഹിതർക്ക് ഭൂമി നല്കാൻ തയ്യാറല്ലാത്ത യു.ഡി.എഫ് സർക്കാരാണ് സമുദായ സംഘടനകൾക്ക്  കണ്ണായ ഭൂമി പതിച്ച് നല്കിയത്. സീറോ ലാന്റ്‌ലെസ്സ് പദ്ധതി പ്രകാരം ഭൂമിക്കായി അപേക്ഷ നല്കിയ ആയിരങ്ങൾ പത്തനംതിട്ട ജില്ലയിൽ തന്നെ കാത്തിരിക്കുമ്പോഴാണ് ഈ സൗജന്യ വിതരണം.

തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്നുറപ്പായതോടെ കടുംവെട്ട് നടത്തുകയാണ് ഉമ്മന്ചാണ്ടി സര്ക്കാടർ. മെത്രാൻ കായൽ നികത്തുന്നതിന് അനുമതി കൊടുത്തത് കൂടാതെ കോട്ടയത്തെ ചെമ്പ് വില്ലേജിൽ 150 ഏക്കർ നെൽ വയൽ നികത്താൻ സ്വകാര്യ കമ്പനിക്കും അനുമതി നല്കിയിരിക്കുകയാണ്. ഭൂ നിയമങ്ങളും പരിസ്ഥിതി നിയമങ്ങളും കാറ്റിൽ പറത്തി കേരളത്തിലെ റവന്യൂ ഭൂമിയും മിച്ച ഭൂമിയും സ്വകാര്യ കുത്തകകൾക്കും  മതസാമുദായിക നേതാക്കൾക്കും  ഇഷ്ടം പോലെ പതിച്ചുകൊടുക്കുകയും നെൽ വയലും നീർത്തടങ്ങളും നിരപ്പാക്കുകയുമാണ്. നിയമലംഘനം പതിവാക്കിയ ഉമ്മൻ ചാണ്ടിക്കും കൂട്ടു മന്ത്രിമാർക്കും ശക്തമായ തിരിച്ചടി തെരഞ്ഞെടുപ്പിൽ കേരള ജനത നല്കുമെന്നും അദ്ദേഹം പറഞ്ഞു.