തിരുവനന്തപുരം: പെട്രോൾ, ഡീസൽ എന്നിവക്ക് പുറമെ ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വിലയിലും 18 രൂപയുടെ വർധന വരുത്താൻ അനുവാദം നൽകികൊണ്ട് രാജ്യത്തെ സാമാന്യ ജനങ്ങളെ മോദി സർക്കാർ വെല്ലുവിളിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സന്ദർഭത്തിൽ ഇത്തരം വില വർധനവ് അടിച്ചേൽപിക്കുന്ന ബിജെപിക്ക് ജനങ്ങൾ കനത്ത പ്രഹരം നൽകണം.

ജനങ്ങൾക്ക് താങ്ങാൻ കഴിയാത്ത വിലവർധനവിലൂടെ ദ്രോഹിക്കുന്ന ബിജെപി.യാണ് കേരളത്തിന് വഴിക്കാട്ടാൻ വരുന്നത്. കോർപ്പറേറ്റുകളുടെ അമിതലാഭത്തിന് വേണ്ടി ജനങ്ങളെ ഒറ്റുകൊടുക്കുകയാണ് ബിജെപി ചെയ്യുന്നത്. ഈ അന്യായത്തിനെതിരെ കേരളത്തിലെ വോട്ടർമാർ പ്രതികരിക്കണം. പാർലമെന്റ് തെരഞ്ഞെടുപ്പ് വേളയിൽ എണ്ണ കമ്പനികളുടെ വില നിർണ്ണയാധികാരം തിരിച്ചുപിടിക്കും എന്ന് പറഞ്ഞവരുടെ തനിനിറം പുറത്ത് വന്നുകൊണ്ടിരിക്കുകയാണെന്നും ഈ ജനവഞ്ചനക്കെതിരെ ജനങ്ങൾ ശക്തമായ പ്രതിഷേധം ഉയർത്തണമെന്നും അദ്ദേഹം പറഞ്ഞു. പെട്രോൾ, പാചകവാതക വില വർധനവിനെതിരെ മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു.