തിരുവനന്തപുരം: മധ്യപ്രദേശിലെ മന്തസൗർ റെയിൽവേസ്റ്റേഷനിൽ പോത്തിറച്ചി കൈവശം വച്ച രണ്ട് മുസ്‌ലീം സ്ത്രീകൾക്കുനേരെ സംഘ്പരിവാർ പ്രവർത്തകർ നടത്തിയ ആക്രമണ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ്താവനയിൽ പറഞ്ഞു. സ്ത്രീകളുടെ കൈവശമുണ്ടായിരുന്നത് ഗോമാംസമാണെന്നു വ്യാജാരോപണം നടത്തിയാണ് അവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിനു മുൻപ് പൊലീസിന്റെ ഒത്താശയോടെയായിരുന്നു സംഘ്പരിവാർ പ്രവർത്തകർ സ്ത്രീളെ ക്രൂരമായി മർദ്ദിച്ചത്. ആക്രമിച്ചവരെയും വ്യാജ പ്രചരണം നടത്തിയവരെയും പിന്തുണക്കുന്ന സമീപനമാണ് പൊലീസ് അധികാരികൾ സ്വീകരിച്ചത്.

ഭരണകക്ഷിയായ ബിജെപിയുടെ എംഎ‍ൽഎ ശ്യാം സുന്ദർ സംഭവത്തെ ന്യായീകരിക്കുകയായിരുന്നൂ ചെയ്തത്. രാജ്യത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. ഗോരക്ഷാ സേനയെന്ന പേരിലും മറ്റും ജനങ്ങൾക്കിടയിൽ മതവെറിയും വംശീയ വിദ്വേഷവും ആളിക്കത്തിച്ച് മതേതര അന്തരീക്ഷം തകർക്കുകയും നിയമവാഴ്ചയും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശവും ഇല്ലാതാക്കുകയുമാണ് സംഘ്പരിവാറും ബിജെപിയും ചേർന്ന് ചെയ്യുന്നത്. തങ്ങളുടെ സവർണ്ണ ഫാസിസ്റ്റ് കൽപനകൾക്കു വിധേയമായേ രാജ്യത്ത് ജനങ്ങൾ ജീവിക്കാവൂ എന്ന സമീപനമാണ് ഇവർ സ്വീകരിച്ചിരിക്കുന്നത്. ഇതിന് പൊലീസടക്കമുള്ള ഭരണ സന്നാഹങ്ങളേയും ഉപയോഗിക്കുന്നു. മതേതര പാർട്ടികൾ പ്രതിഷേധവുമായി രംഗത്തുവരണമെന്നും പാർലമെന്റിന്റെ ഇരു സഭകളിലും വിഷയം ചർച്ച ചെയ്യപ്പെടണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.