തിരുവനന്തപുരം: 1960-ലെ ലാന്റ് അസൈമെന്റ് ആക്ടിൽ ഭേദഗതി വരുത്തി കൊണ്ടുള്ള സർക്കാർ വിജ്ഞാപനം ഭൂമി കൈയേറ്റക്കാരെ രക്ഷപ്പെടുത്താനുള്ള ഉമ്മൻ ചാണ്ടി  സർക്കാറിന്റെ വഴിവിട്ട നീക്കമാണെന്ന് വെൽഫെയർ പാർട്ടി  സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. നെൽവയൽ നീർത്തട സംരക്ഷണ നിയമം അട്ടിമറിക്കാൻ ധനാഭ്യർത്ഥന ഉപയോഗപ്പെടുത്തിയ സർക്കാർ പരിസ്ഥിതിയെ തകർക്കാനും സർക്കാർ ഭൂമി കൈവശം വച്ചിരിക്കുന്ന കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതിനും ഏതറ്റവും പോകുമെന്നും തെളിയിച്ചിരിക്കുന്നു.

അരുവിക്കര ഉപതെരെഞ്ഞെടുപ്പ് ഫലത്തിന്റെ ബലത്തിൽ എല്ലാ മര്യാദകളും സർക്കാർ ലംഘിക്കുകയാണ്. വിശദ ചർച്ചകളെ തുടർന്ന്  രൂപം കൊണ്ട നിയമങ്ങളാണ് ഒറ്റ ഉത്തരവിലൂടെ സർക്കാർ ഭേദഗതി ചെയ്യുന്നത്,  നേരത്തെ ഇടുക്കി വൈദ്യുതി പദ്ധതിയുടെ പ്രദേശത്ത് ബാക്കിയായ 7800 ഹെക്ടർ ഭൂമി ഇഷ്ടക്കാർക്ക് സർക്കാർ വിതരണം ചെയ്തിരുന്നു. കർഷകരുടെ പേരിൽ കേരള കോൺഗ്രസ് നടത്തുന്ന സമ്മർദം കയ്യേറ്റക്കാർക്കു വേണ്ടിയുള്ളതാണ്. 1971 നു ശേഷമുള്ള എല്ലാ കയ്യേറ്റങ്ങളും നിയമവിരുദ്ധവും ഒഴിപ്പിക്കേണ്ടതുമാണ്. നിരവധി കേസുകളാണ് സർക്കാർ ഇതുമായി നടത്തുന്നത്. അതെല്ലാം അപ്രസക്തമാകുന്നതിന് ഈ ഉത്തരവ് വഴിവെക്കും.

പരിസ്ഥിതി അവകാശ പോരാട്ടങ്ങളുടെ മുന്നിരയിൽ നിലയുറപ്പിച്ച വി എം സുധീരൻ കെപിസിസി പ്രസിഡന്റായിരിക്കുമ്പോഴാണ് ഇത്തരം നടപടികളുണ്ടാകുന്നത് എന്നത് ആശ്ചര്യകരമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ വിജ്ഞാപനം പിൻവലിക്കണം, യഥാർത്ഥ  ഭൂരഹിതർക്ക്  അടിയന്തിരമായി ഭൂമി വിതരണം ചെയ്യണം, നെൽവയൽ നീർത്തട നിയമഭേദഗതി പിൻവലിക്കണം, സമഗ്ര ഭൂപരിഷ്‌കരണത്തിന് സർക്കാർ സന്നദ്ധമാകണം എന്നീ ആവശ്യങ്ങളുന്നയിച്ച് ഓഗസ്റ്റ് 12ന് കേരളത്തിലെ കലക്‌ട്രേറ്റുകൾ പാർട്ടി  ഉപരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു