തിരുവനന്തപുരം: ക്വാറികൾക്ക് പാറപൊട്ടിക്കാനും ചൈനാക്ലേ അടക്കമുള്ള ധാതുക്കൾ ഖനനം ചെയ്യാനുമുള്ള ദൂരപരിധി 50 മീറ്ററായി കുറച്ച കേരളാ മൈനർ മിനറൽ കൺസഷൻ ചട്ടങ്ങളിലെ ഭേദഗതി റദ്ദാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

ജനവാസത്തിന് ഭീഷണിയായ രണ്ടായിരത്തിലധികം ക്വാറികളാണ് ദൂരപരിധി കുറച്ചതുകൊണ്ട് വീണ്ടും പ്രവർത്തിക്കാൻ പോകുന്നത്. ക്വാറി പെർമിറ്റ് കാലാവധി അഞ്ച് വർഷമാക്കിയതും മാഫിയകളെ സഹായിക്കാനാണ്. മേജർ മിനറലുകളായ ലാറ്റലൈറ്റ്, ചൈനക്ലേ, സിലിക്കാലാൻഡ് എന്നിവയെ മൈനർ മിനറലുകളുടെ പട്ടികയിലുൾപ്പെടുത്താനുള്ള തീരുമാനവും വൻകിട പാരിസ്ഥിതിക ആഘാതങ്ങൾക്കിടവരുത്തുന്ന ഖനനം വ്യാപകമാക്കാനിടവരുത്തും. പരിസ്ഥിതി ദിനത്തിൽ ഒരു കോടി വൃക്ഷത്തൈ നട്ടാൽ പരിസ്ഥിതി സംരക്ഷണമാകില്ല.

പ്രകൃതി വിഭവങ്ങളിന്മേലുള്ള സാമൂഹ്യനിയന്ത്രണം ശക്തമാക്കണം. പിണറായി സർക്കാർ എല്ലാതരം മാഫിയകൾക്കും പ്രകൃതി ചൂഷകർക്കും കുടപിടിക്കുകയാണ്. ക്വാറികളിൽ നിന്ന് പലപ്പോഴും 200 ഉം 300 മീറ്റർ വരെ പാറകൾ തെറിക്കാറുണ്ട്. പിണറായി വിജന്റെ 50 മീറ്റർ എന്ന ഉത്തരവ് കണ്ട് പാറചീളുകൾ ആ പരിധിക്കുള്ളിൽ തന്നെ വീഴില്ല. ജനങ്ങളുടെ ജീവനും പ്രകൃതി വിഭവങ്ങളും കൊണ്ട് സർക്കാർ പന്താടുകയാണ്. കേരളത്തെ മുച്ചൂടും മുടിക്കുന്ന സർക്കാർ എന്ന പേരെടുക്കാനാണോ പിണറായി സർക്കാർ ഇത്തരം നീക്കങ്ങൾ നടത്തുന്നത്. കേരളം ഇതനുവദിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചർത്തു.