മലപ്പുറം: ഫൈസൽ വധക്കേസ് പ്രതി വിപിന്റെ കൊലപാതകികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിന്റെ പിന്നിലെ ഗൂഡാലോചകരെയും പുറത്തുകൊണ്ടു വരണം. കേരളത്തിൽ വർഗീയ ധ്രൂവീകരണത്തിന് ശ്രമിക്കുന്ന സംഘ്പരിവാറിന് ഗുണകരമാണ് വിപിൻ വധം. ഇതോടനുബന്ധിച്ച് ജില്ലയിൽ സംഘർഷമുണ്ടാകാതിരിക്കാൻ കേരള സർക്കാർ ജാഗ്രതയോടെ ഇടപെടണം. ഫൈസൽ വധത്തിന് ശേഷം മലപ്പുറത്തെ ജനങ്ങൾ സംയമനം പാലിച്ചതുകൊലപാതകം ആസൂത്രണം ചെയ്തവർക്ക് വലിയ തിരച്ചടിയായിരുന്നു. അതിനിടയിലാണ് ഇത്തരത്തിലൊരു ദാരുണ കൊലപാതകം കൂടി നടക്കുന്നത്. ഫൈസൽ വധത്തിൽ പൊലീസ് വേണ്ടത്ര നീതി പൂർവ്വമല്ല പ്രവർത്തിച്ചതെന്ന് പൊതുവായി ജനങ്ങൾക്ക് ആക്ഷേപമുണ്ട്.

ഈ സാഹചര്യം ദുരുപയോഗം ചെയതാവണം ജില്ലയിൽ വർഗീയ ധ്രൂവീകരണത്തിന് ശ്രമിക്കുന്ന ശക്തികൾ ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തത്. പൊലീസും ഭരണ സംവിധാവനും കൃത്യതയോടെ ഇടപെട്ട് കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കേരളത്തെ കൊലയറക്കാനുള്ള നീക്കങ്ങളെ മലപ്പുറം ജില്ലയിലെ ജനങ്ങൾ ചെറുക്കണമെന്നും ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. ജില്ല പ്രസിഡന്റ്‌റ് എം.ഐ റഷീദ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ, റംല മമ്പാട്, ആരിഫ് ചുണ്ടയിൽ, നാസർ കീഴുപറമ്പ്, സാബിർ മലപ്പുറം തുടങ്ങിയവർ സംസാരിച്ചു.