തിരുവനന്തപുരം: ഓണക്കാലത്തിന് മുന്നോടിയായി ക്ഷേമപെൻഷനുകൾ ഓഗസ്റ്റിൽ വിതരണം ചെയ്യും. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമപെൻഷനാണ് ഓഗസ്റ്റ് ആദ്യവാരം വിതരണം ചെയ്യുകയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. ഈ വർഷത്തെ ഓണം ഓഗസ്റ്റ് മാസത്തിന്റെ രണ്ടാം പകുതിയിലാണ് എന്നത് കണക്കിലെടുത്താണ് തീരുമാനം.

55 ലക്ഷത്തിലധികം പേർക്ക് പെൻഷൻ ലഭിക്കും. ഓരോരുത്തർക്കും രണ്ടുമാസത്തെ പെൻഷൻ തുകയായ 3200 രൂപ ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.പെൻഷൻ വിതരണം ചെയ്യാനായി 1600 കോടി രൂപയാണ് ചെലവ് വരിക.

വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെങ്കിലും സാധാരണക്കാരുടെ ക്ഷേമം ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് സർക്കാർ അറിയിച്ചു.