തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം പതിവ് ആവർത്തിക്കുകയാണ് ചെയ്തതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തി. കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാനത്ത് അഴിമതിയും ജനവിരുദ്ധതയും മുഖമുദ്രയാക്കി ഭരണം നടത്തിയ യു.ഡി.എഫ് സർക്കാറിനെതിരായ ജനങ്ങളുടെ രോഷമാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമാകുന്നത്. ഇതിന്റെ സ്വാഭാവിക ഗുണഭോക്താവായി പ്രതിപക്ഷം മാറി. ഭരണ വിരുദ്ധ വികാരവും ബിജെപി സൃഷ്ടിച്ച വർഗീയ ധ്രുവീകണവുമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഗതിയെ നിയന്ത്രിച്ചത്. ഇത്ര പച്ചക്ക് ജാതിയും മതവും സമുദായവും മുന്നിൽവച്ചുകൊണ്ടുള്ള വോട്ട് തേടൽ മുമ്പ് ഒരുകാലത്തും നടന്നിട്ടില്ല. ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങളും മുന്നണികളുടെ വികസന നിലപാടുകളും ഇതിനിടയിൽ ചർച്ച ചെയ്യാൻ സാധിച്ചില്ലായെന്നത് ദൗർഭാഗ്യകരമാണ്.

വർഗീയ ധ്രുവീകരണം സംസ്ഥാനത്തെ ജനങ്ങളിലുണ്ടാക്കിയ ഭീതിയും സംഘ്പരിവാർ ഫാഷിസത്തോട് മൃദുസമീപനം സ്വീകരിക്കുന്ന യു.ഡി.എഫ് നിലപാടും ചില ജനവിഭാഗങ്ങളുടെ പിന്തുണ എൽ.ഡി.എഫിന് അനുകൂലമാക്കി. നേമത്തെ ബിജെപി വിജയം യു.ഡി.എഫിന്റെ ദാനമാണ്. ഭരണം നിലനിർത്താൻ ഏതറ്റവും പോകാൻ സന്നദ്ധമായതിന്റെ പരിണിത ഫലം കൂടിയാണ് നേമത്തുണ്ടായത്. സംഘ്പരിവാർ ഫാഷിസത്തെ തടയാൻ വെൽഫെയർ പാർട്ടി സ്വീകരിച്ച രാഷ്ട്രീയ സമീപനം മറ്റുള്ളവരും സ്വീകരിച്ചിരുന്നെങ്കിൽ ബിജെപിയുടെ വിജയമുണ്ടാകുമായിരുന്നില്ല. മുന്നണികളിൽ അവസരവാദ നിലപാട് സ്വീകരിക്കുന്ന പാർട്ടികളെ ജനങ്ങൾ സമ്പൂർണമായി നിരാകരിച്ചിരിക്കുന്നു. ആർ.എസ്‌പി, ജനതാദൾ യുണൈറ്റഡ്, ജനാധിപത്യ കേരളാ കോൺഗ്രസ്സ് എന്നിവർക്ക് ലഭിച്ച തിരിച്ചടി ഇത് വ്യക്തമാക്കുന്നു.
പ്രധാനമന്ത്രിയും മുഴുവൻ കേന്ദ്രമന്ത്രിമാരും ബിജെപി ദേശീയ നേതാക്കളും കേരളത്തിൽ തമ്പടിച്ച് വൻതോതിൽ പണം ചെലവഴിച്ച് വർഗീയ ധ്രുവീകരണ ശ്രമങ്ങൾ നടത്തിയിട്ടും നേമത്തെ വിജയമൊഴിച്ച് വലിയ തോതിൽ മുന്നോട്ടുപോകാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ശ്രീനാരയണീയ ധർമ്മത്തെ സംഘ്പരിവാറിന് പണയംവച്ചവർക്കും നേട്ടങ്ങളുണ്ടാക്കാൻ സാധിച്ചില്ലായെന്നത് കേരളം പുലർത്തുന്ന ജാഗ്രതയെ വ്യക്തമാക്കുന്നു.

പരമ്പരാഗത മുന്നണികൾക്ക് പുറത്ത് തനിച്ച് മത്സരിച്ച വെൽഫെയർ പാർട്ടിക്ക്, ഭരണവിരുദ്ധ വികാരത്തിന്റെയും വർഗീയ ധ്രുവീകരണ ശ്രങ്ങളുടെയും ഇടയിൽ, ജനങ്ങൾ നൽകിയ പിന്തുണ ജനപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് പാർട്ടി നടത്തുന്ന പോരാട്ടങ്ങൾക്ക് കരുത്ത് പകരുന്നതാണ്. മത്സരിച്ച ഭൂരിപക്ഷം സ്ഥലങ്ങളിലും മുന്നണികൾക്ക് തൊട്ടുതാഴെ വെൽഫെയർ പാർട്ടി വോട്ട് നേടി. പല മണ്ഡലങ്ങളിലും വിജയപരാജയം നിശ്ചയിക്കുന്ന നിർണായക ശക്തിയാവാൻ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ജനകീയ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുന്നത് തടയുന്ന പരമ്പരാഗത മുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം ജനങ്ങളിൽ സൃഷ്ടിച്ച അങ്കലാപ്പുകളാണ് കൂടുതൽ മെച്ചപ്പെട്ട ഫലം നേടുന്നതിന് തടസ്സമായത്. സാധാരണ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അധികാരമേൽക്കാൻ പോകുന്ന ഇടത് സർക്കാർ മുൻഗണന നൽകണം. ജനങ്ങളെ അവഗണിക്കുന്ന കോർപറേറ്റ് നയങ്ങൾ ഇടത് പ്രകടന പത്രികയിൽ കാണാൻ കഴിയുന്നുണ്ട്. അത്തരം സമീപനങ്ങൾ സ്വീകരിച്ചാൽ ശക്തമായ ജനകീയ പോരാട്ടത്തിന് പാർട്ടി നേതൃത്വം നൽകും. നിയമസഭാ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയെ പിന്തുണച്ച വോട്ടർമാർക്ക് നന്ദി പറഞ്ഞ എക്സിക്യൂട്ടീവ് തെരഞ്ഞെടുപ്പ് വിജയം നേടിയ എൽ.ഡി.എഫിനെ അഭിനന്ദിക്കുകയും ചെയ്തു.