- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിണർ നിർമ്മാണത്തിനിടെ നാല് പേരുടെ മരണത്തിന് ഇടയാക്കിയ വിഷവാതകം ഹൈഡ്രജൻ സൾഫൈഡ് എന്ന് സംശയം; അടിഭാഗത്തു കറുത്ത ചെളി കണ്ടതിനാൽ വിഷവാതക സാന്നിധ്യം സംശയിക്കുന്നതായി ഭൂഗർഭജല അഥോറിറ്റി അധികൃതരും
കൊല്ലം: കൊല്ലത്ത് കിണർ നിർമ്മാണത്തിനിടെ നാല് പേരുടെ മരണത്തിന് ഇടയാക്കിയത് വിഷവാതകമെന്ന് സൂചന. ഹൈഡ്രജൻ സൾഫൈഡ് ശ്വസിച്ചാണ് നാല് തൊഴിലാളികൾ മരിച്ചതെന്നാണ് ഉയരുന്ന സംശയം. തൊഴിലാളികൾ കിണറ്റിന്റെ അടിവശത്തുനിന്ന് കോരിക്കയറ്റിയിരിക്കുന്നത് കറുത്ത ചെളി പോലുള്ള മണ്ണാണ്. അവസാദശിലകളുടെ ഭാഗമായ, കാർബണ്യേഷസ് ക്ലേ എന്നു വിളിക്കുന്ന ഈ മണ്ണിൽ ജൈവാവശിഷ്ടങ്ങളുടെ അംശം കൂടുതലായിരിക്കും. അതിനാൽത്തന്നെ ഹൈഡ്രജൻ സൾഫൈഡ് സാന്നിധ്യം കാണാറുണ്ടെന്ന് ഭൂഗർഭ ജല വകുപ്പ് കൊല്ലം ജില്ലാ ഓഫിസിലെ ജൂനിയർ ഹൈഡ്രോ ജിയോളജിസ്റ്റ് എ.എഫ്.നിയാസ് പറഞ്ഞു.
ഓക്സിജന്റെ കുറവു മൂലമോ മീഥെയ്ൻ വാതകത്തിന്റെ സാന്നിധ്യം കൊണ്ടോ അപകടമുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അപകടമുണ്ടായ കിണറിന്റെ ഘടന പരിശോധിച്ചാൽ താഴേക്കു പോകുന്തോറും ക്ലേ സ്റ്റോണും സാൻഡ് സ്റ്റോണും പല അടരുകളായി ഇടകലർന്നു കിടക്കുകയാണ്. സാൻഡ് സ്റ്റോണുള്ള ഭാഗത്തുനിന്ന് വെള്ളം ലഭിക്കുമെങ്കിൽ ക്ലേ സ്റ്റോണിൽ പൊതുവേ വെള്ളം ലഭിക്കാനുള്ള സാധ്യത കുറവാണെന്നും കൂട്ടിച്ചേർത്തു.
അടിഭാഗത്തു കറുത്ത ചെളി കണ്ടതിനാൽ വിഷവാതക സാന്നിധ്യം സംശയിക്കുന്നതായി ഭൂഗർഭജല അഥോറിറ്റി അധികൃതരും വ്യക്തമക്കിയി്ടുണ്ട്. വായുസഞ്ചാരത്തിനു വേണ്ടി ഫാനും മറ്റും കിണറ്റിൽ ഇറക്കിയിരുന്നതിനാൽ വൈദ്യുതാഘാതത്തിനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
കുണ്ടറ പെരിനാട് ചിറക്കോണം വയലിൽത്തറ ശ്രുതിലയത്തിൽ സോമരാജൻ (56), കുരീപ്പള്ളി സൊസൈറ്റി മുക്ക് ചാങ്ങവിള തെക്കതിൽ മനോജ് (34), പുനുക്കന്നൂർ ചിറയടി ക്ഷേത്രത്തിനു സമീപം മച്ചത്തുതൊടിയിൽ ശിവപ്രസാദ് (വാവ 25), പുനുക്കന്നൂർ പുന്നവിള വീട്ടിൽ രാജൻ (36) എന്നിവരാണു ദാരുണമായി മരിച്ചത്. കുണ്ടറ പെരുമ്പുഴ കോവിൽമുക്കിലായിരുന്നു അപകടം. 100 അടിയോളം താഴ്ചയുള്ള കിണറ്റിൽ ചെളി വാരുന്നതിനിടെയാണ് അപകടം. വിഷവാതകം ശ്വസിച്ചതാവാം മരണകാരണമെന്നാണു പ്രാഥമിക നിഗമനം. 4 പേരെയും അഗ്നിരക്ഷാസേന പുറത്തെടുത്തു ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
രക്ഷാപ്രവർത്തനത്തിനിടെ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വർണിനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. കൊല്ലം മനയിൽകുളങ്ങര സ്വദേശി കോവിൽമുക്കിൽ വീട് നിർമ്മിക്കുന്നതിന്റെ ഭാഗമായാണു കിണർ കുഴിച്ചത്. സോമരാജന്റെ നേതൃത്വത്തിൽ ഒരു മാസമായി ജോലി നടന്നു വരികയായിരുന്നു. ഇന്നലെയാണ് ഉറവ പൊട്ടി വെള്ളം കണ്ടത്. മനോജിനൊപ്പം ചെളി കോരവെ, കയറിൽപ്പിടിച്ചു മുകളിലേക്കു കയറിവന്ന ശിവപ്രസാദ് പെട്ടെന്നു കുഴഞ്ഞു മനോജിന്റെ ദേഹത്തേക്കു വീണു.
മകൻ ശ്രാവണുമൊത്തു ചെളി വലിച്ചു കയറ്റുകയായിരുന്ന സോമരാജൻ ഇതു കണ്ടു കയറിൽത്തൂങ്ങി കിണറ്റിലേക്ക് ഇറങ്ങിയെങ്കിലും കുഴഞ്ഞുവീണു. പരിഭ്രാന്തനായ ശ്രാവൺ, മറ്റൊരിടത്തായിരുന്ന സംഘാംഗമായ രാജനെ ഫോണിൽ വിളിച്ചുവരുത്തി. ബൈക്കിൽ പാഞ്ഞെത്തിയ രാജനും കിണറ്റിലേക്ക് ഇറങ്ങിയ ഉടൻ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുണ്ടറ, കൊല്ലം എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാസേന എത്തി ഒന്നര മണിക്കൂറോളം പണിപ്പെട്ടാണു നാലു പേരെയും പുറത്തെടുത്തത്. കിണറിന്റെ ആഴക്കൂടുതലും താഴോട്ടു ചെല്ലുമ്പോൾ വ്യാസക്കുറവും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.
അടിഭാഗത്തു കറുത്ത ചെളി കണ്ടതിനാൽ വിഷവാതക സാന്നിധ്യം സംശയിക്കുന്നതായി ഭൂഗർഭജല അഥോറിറ്റി അധികൃതർ പറഞ്ഞു. വായുസഞ്ചാരത്തിനു വേണ്ടി ഫാനും മറ്റും കിണറ്റിൽ ഇറക്കിയിരുന്നതിനാൽ വൈദ്യുതാഘാതത്തിനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. സോമരാജന്റെ ഭാര്യ ശ്രീദേവി. മക്കൾ: ശ്രുതി, ശ്രാവൺ. മരുമകൻ: ഷിജു. മനോജിന്റെ ഭാര്യ അജിത. മക്കൾ: അഭിജിത്ത്, മഹി. ശിവദാസന്റെയും ആനന്ദവല്ലിയുടെയും മകനായ ശിവപ്രസാദ് അവിവാഹിതനാണ്. രാജന്റെ ഭാര്യ നിത്യ. മക്കൾ: നീതു, നിഥിൻ.
മറുനാടന് മലയാളി ബ്യൂറോ