തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു ശേഷം എംപിയെ കണി കാണാൻ പോലുമില്ലെന്ന് സിപിഐഎം പ്രചരണങ്ങൾ കൊഴുക്കുമ്പോൾ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ശശി തരൂർ എംപി. സിപിഐഎം കോട്ടൺഹിൽ ബ്രാഞ്ച് കമ്മിറ്റി ശശി തരൂർ എംപിക്കെതിരെ ഉയർത്തിയ വിമർശനങ്ങൾക്കാണ് പരിഹാസ രൂപേണ വിമർശനവമായി ശശി തരൂർ എംപിയെത്തിയത്.

ജനങ്ങളെ പറ്റിച്ച് വോട്ട് തട്ടുന്നതിനു വേണ്ടി ശ്രീ ശശി തരൂർ എംപി യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥാപിച്ച ഹൈമാസ്സ് ലൈറ്റ് നോക്കുകുത്തിയായിട്ട് രണ്ട് മാസം, അടിയന്തിരമായി ഹൈമാസ് കത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുക, കള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കുക എന്നെഴുതിയ ബാനറിലാണ് എംപിയെവിടെ വെളിച്ചമെവിടെ എന്ന വിമർശനം. ഇതിനു മറുപടിയെന്നോണമാണ് ബാനറിനു സമീപത്തു നിന്നുമുള്ള തന്റെ ചിത്രം എംപിയിവിടെ എന്ന ക്യാപ്ഷനോടെ ശശി തരൂർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്.

രണ്ടാഴ്ച ഇവിടെ നിന്നു മാറിയപ്പോഴേക്കും ആരോപണവുമായി സിപിഐ(എം) രംഗത്തെത്തിയെന്നാണു തരൂർ പരിഹസിക്കുന്നത്. തിരുവനന്തപുരത്തു വിവിധ പരിപാടികളിലും പങ്കെടുത്ത തരൂർ തട്ടുകടയിൽ നിന്നു ചായ കുടിക്കുന്ന ഫോട്ടോയും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.