വീവൺ അൽ ഐൻ ആർട്‌സ് & സ്പോർട്സ് ക്ലബ്, ഐകെയർ മെഡിക്കൽ സെന്റർ അൽ ഐന്റെയും, കാരവൻ സ്വീറ്റ്‌സ് അൽ ഐന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച രണ്ടാമത് ഐകെയർ കപ്പ് ഇന്റർ യു.എ.ഇ പുരുഷ വനിതാ വോളിബോൾ ടൂർണമെന്റ് കഴിഞ്ഞ മൂന്നിന് അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിലെ (ഐ.എസ്.സി) വോളിബോൾ കോർട്ടിൽ വച്ച് നടത്തപ്പെട്ടു. ഇന്ത്യ, യു.എ.ഇ, പാക്കിസ്ഥാൻ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള നിരവധി അന്താരാഷ്ട്ര കളിക്കാർ അണിനിരന്ന മത്സരങ്ങളിൽ ദുബായ് ഡ്യൂട്ടി ഫ്രീ, ഒയാസിസ് യൂത്ത് ഇന്ത്യ ദുബായ്, ഒൺലി ഫ്രഷ് ദുബായ്, ഖാൻ ദുബായ്, അബുദാബി മലയാളി സമാജം, അൽ ഐൻ സ്‌ട്രൈക്കേർസ് എന്നിങ്ങനെ ആറോളം പുരുഷ ടീമുകളും ഇന്ത്യ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിലെ പ്രമുഖ വനിതാ താരങ്ങൾ അണിനിരന്ന സ്‌പെഷലിസ്റ്റ് മെഡിക്കൽ സെന്റർ അൽ ഐൻ, ജയന്റ്‌സ് അൽ ഐൻഎന്നീ രണ്ടു വനിതാ ടീമുകളും പങ്കെടുത്തു.

പ്രമുഖ സാമൂഹ്യ പ്രവർത്തക ഉമാ പ്രേമൻ മുഖ്യാതിഥിയായ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിൽ വീവൺ എക്‌സിക്യൂട്ടീവ് മെമ്പർ ഷാഫി സുബൈർ സ്വാഗതം ആശംസിച്ചു. ഐകെയർ സിഇഒ ഖാലിദ് ഹദ്ദാദ്, ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് നരേഷ് സൂരി, ജനറൽ സെക്രട്ടറി റസ്സൽ സാലി, കായിക വിഭാഗം സെക്രട്ടറി ജുനൈദ്, പ്രമുഖ വോളിബോൾ കോച്ച് ബാലകൃഷ്ണൻ നായർ, വീവൺ മുഖ്യരക്ഷാധികാരി നവാബ് ജാൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. വീവൺ ലേഡീസ് വിങ് കോ-ഓർഡിനേറ്റർ ബബിത ശ്രീകുമാർ ഉമാ പ്രേമനെ പൊന്നാടയണിയിച്ചു ആദരിച്ച ചടങ്ങിൽ, കോഴിക്കോട് ജില്ലാ വോളിബോൾ അസോസിയേഷൻ എക്‌സിക്യൂട്ടീവ് അംഗവും, നിരവധി തവണ കേരള സീനിയർ ജൂനിയർ ടീം കോച്ചും, കഴിഞ്ഞ നാൽപതോളം വർഷമായി വോളിബോൾ പരിശീലന രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളുമായ പ്രമുഖ വോളിബോൾ പരിശീലകൻ ബാലകൃഷ്ണൻ നായർക്കുള്ള ഉപഹാരം നരേഷ് സൂരി, റസൽ സാലി എന്നിവർ ചേർന്ന് സമർപ്പിച്ചു.

വൈകുന്നേരം നാല് മണിയോട് കൂടി തുടങ്ങിയ മത്സരങ്ങൾക്കൊടുവിൽ രാത്രി ഏറെ വൈകി രണ്ടു മണിക്കാണ് ഫൈനൽ മത്സരം അരങ്ങേറിയത്. അൽ ഐൻ നഗരത്തിന്റെ വിരിമാറിൽ തുടക്കം മുതൽ ഒടുക്കം വരെ ഓരോ നിമിഷങ്ങളെയും ആവേശത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് കാണികളുടെ മുഴുവൻ മുക്തകണ്ഠമായ പ്രശംസയ്ക്ക് അതിരുകളുടെ സമാനതകളില്ലാതെ അന്തരീക്ഷത്തിൽ ആർപ്പു വിളികളുടെയും കരഘോഷങ്ങളുടെയും നിലയ്ക്കാത്ത ശബ്ദ പ്രവാഹങ്ങളെ സാക്ഷിയാക്കിയാണ് ടൂർണ്ണമെന്റ് പര്യവസാനിച്ചത്. തകർപ്പൻ സ്മാഷുകളുടെ ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ വാശിയേറിയതും രസകരവുമായ മത്സരമാണ് അരങ്ങേറിയത്.

ലീഗ് കം നോക്ക് ഔട്ട് അടിസ്ഥാനത്തിൽ നടത്തിയ പുരുഷ വിഭാഗം മത്സരങ്ങളിൽ സെമിഫൈനലിൽ ശക്തമായ പോരാട്ടത്തിനൊടുവിൽ ദുബായ് ഡ്യൂട്ടി ഫ്രീ ടീമിനെ കീഴടക്കിയ ഒൺലി ഫ്രഷ് ദുബായ് ടീമും, അബുദാബി മലയാളി സമാജത്തെ തോൽപ്പിച്ച് ഒയാസിസ് യൂത്ത് ഇന്ത്യ ദുബായ് ടീമും ഫൈനലിൽ കടന്നു. പ്രശസ്തരായ നിരവധി അന്താരാഷ്ട്ര കളിക്കാർ അണിനിരന്ന എട്ടോളം പുരുഷ വനിതാ ടീമുകൾ പങ്കെടുത്ത ഈ ടൂർണമെന്റിൽ ഫൈനൽ മത്സരത്തിൽ ഒയാസിസ് യൂത്ത് ഇന്ത്യ ദുബായ് ടീമിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു ഇന്ത്യൻ താരം മനു ജോസഫ് ഉൾപ്പെട്ട ഒൺലി ഫ്രഷ് ദുബായ് ടീം ജേതാക്കളായി. വനിതാ വിഭാഗത്തിൽ സ്‌പെഷലിസ്റ്റ് മെഡിക്കൽ സെന്റെർ അൽ ഐൻ ടീമിനെ കീഴടക്കിയ ജയന്റ്‌സ് അൽ ഐൻ ജേതാക്കളായി. വിദേശികളും സ്വദേശികളും ഉൾപ്പെടെ യഥേഷ്ടം ഗാലറികളിൽ നിറഞ്ഞ കാണികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ മത്സരങ്ങൾ ആയിരുന്നു ഈ ടൂർണമെന്റിൽ ആദ്യാവസാനം അരങ്ങേറിയത്.
വീവൺ പ്രസിഡന്റ് ബിജുമോൻ ജോസഫ് സ്വാഗതം ആശംസിച്ച സമ്മാനദാന ചടങ്ങിൽ ഐകെയർ സിഇഒ ഖാലിദ് ഹദ്ദാദ്, ഐ.എസ്.സി സെക്രെട്ടറി റസ്സൽ മുഹമ്മദ് സാലി, ഐ.എസ്.സി അസിസ്റ്റന്റ് ട്രഷറർ സുധീർ ഇസ്മായിൽ, ഐ.എസ്.സി വനിതാ വിഭാഗം കോ-ഓർഡിനേറ്റർ സവിത നായക്, വീവൺ സെക്രട്ടറി റോഷൻ നായർ, ട്രഷറർ നിസാമുദ്ദീൻ നിസാം
വീവൺ എക്‌സിക്യൂട്ടീവ് മെമ്പർമാരായ സജീഷ്, ഷാഹുൽ ഹമീദ്, സുഭിരാജ് മരങ്ങാട്‌
, ചന്ദ്രമോഹൻ,  എന്നിവർ ചേർന്ന് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. വീവൺ സ്പോർട്സ് സെക്രട്ടറി സലിം മുഹമ്മദ് നന്ദി രേഖപ്പെടുത്തി.