- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ഗവൺമെന്റ് ഉത്തരവുകൾ ലഭ്യമാക്കിയിരുന്ന പേജ് അപ്രത്യക്ഷം! ഒരക്ഷരം മിണ്ടാതെ ഐടി വകുപ്പ്; നിയമ വകുപ്പിന്റെ വെബ് സൈറ്റ് പോയിട്ട് വർഷം ഒന്നായി; സുതാര്യ കേരളത്തിൽ ഇപ്പോൾ കാര്യങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള പാർട്ടി അജണ്ടകളാണ് ഇപ്പോൾ സർക്കാർ നടത്തുന്നത്. അതുകൊണ്ട് തന്നെ ഉത്തരവുകൾ പുറത്തെത്താതിരിക്കാനുള്ള കരുതൽ ഏറെയാണ്. വിവാദ തീരുമാനമെല്ലാം ഉത്തരവാകുമ്പോൾ അതിന് അതീവ രഹസ്യ സ്വഭാവം വരും. മന്ത്രിസഭയിൽ എടുക്കുന്ന തീരുമാനങ്ങൾ അതേ പടി മാധ്യമങ്ങളെ അറിയിക്കാറുമില്ല. സർക്കാരിന് കോട്ടമുണ്ടാകാത്ത കാര്യങ്ങൾ മാത്രമാണ് ചർച്ചയാക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ഗവ. ഉത്തരവുകൾ ലഭ്യമാക്കിയിരുന്ന പേജും അപ്രത്യക്ഷമായി.
ജനുവരി ആദ്യ ആഴ്ച മുതൽ 'അപ്രത്യക്ഷം' ആണ് ഈ പേജ്. ഐടി വകുപ്പിനും ഇക്കാര്യത്തിൽ ഒന്നും പറയാനില്ല. ഇതോടെ സർക്കാർ തീരുമാനങ്ങൾ പുറംലോകത്ത് എത്തുന്നുമില്ല. അറ്റകുറ്റപ്പണികൾക്കായി സൈറ്റിന്റെ പ്രവർത്തനം മൊത്തമായി തടസ്സപ്പെടാറുണ്ടെങ്കിലും സർക്കുലറുകൾ ലഭ്യമാക്കുന്ന പേജ് മാത്രമായി തടസ്സപ്പെടുന്ന രീതി ഇതിനു മുൻപ് ഉണ്ടായിട്ടില്ല. വിവാദ ഉത്തരവുകൾ മറയ്ക്കാനാണു നടപടിയെന്ന് ആക്ഷേപം ഉയർന്നു കഴിഞ്ഞു.
സർക്കാർ സൈറ്റിന്റെ ഉത്തരവുകൾ എത്തുന്ന പേജിന്റെ ഇന്ന് രാവിലെ 8.40നുള്ള സ്ക്രീൻ ഷോട്ടാണ് വാർത്തയ്ക്കൊപ്പം കൊടുക്കുന്നത്. ഈ സൈറ്റിലെ ബാക്കിയെല്ലാം പേജും ആക്ടീവുമാണ്. ഈ പേജിന് മാത്രം എങ്ങനെ പിഴവുണ്ടായി എന്നാണ് ഉയരുന്ന ചോദ്യം. വാർത്ത വിവാദമാകുമ്പോൾ ഏത് സമയം വേണമെങ്കിലും ഈ പേജ് പൊങ്ങി വരാനും സാധ്യതയുണ്ട്. ഐടിക്കാര്യങ്ങൾ നോക്കാൻ ഒരു പ്രത്യേക വകുപ്പ് തന്നെയുള്ള സർക്കാരിനാണ് സൈറ്റിൽ ദിവസങ്ങളായി ഉത്തരവുകൾ പോലും അപ് ലോഡ് ചെയ്യാൻ കഴിയാത്തതെന്നതും വിചിത്രമാണ്. ഇതിന് പിന്നിൽ മനപ്പൂർവ്വമായ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം.
നിയമ വകുപ്പിന്റെ വെബ്സൈറ്റാകട്ടെ 2020 ഫെബ്രുവരി മുതൽ ലഭ്യമല്ല. വെബ്സൈറ്റ് പുതുക്കുന്നതിന്റെ ഭാഗമാണിത് എന്നായിരുന്നു വിശദീകരണമെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും വെബ്സൈറ്റ് തിരികെയെത്തിയിട്ടില്ല. ഇതേത്തുടർന്നു ചിലർ പരാതി നൽകി. കോവിഡ് പ്രതിസന്ധിയും ജീവനക്കാരുടെ കുറവും ഓഡിറ്റിങ്ങിൽ താമസമുണ്ടാക്കിയെന്നാണ് മറുപടി. ഏതായാലും സുതാര്യതയെ ഭയക്കുന്നവരാണ് സൈറ്റ് ഇല്ലാതാക്കിയതെന്ന ആക്ഷേപം ശക്തമാണ്.
സർക്കാർ ഉത്തരവുകൾ സൈറ്റിൽ ഇടാൻ തുടങ്ങിയത് സുതാര്യതയുടെ ഭാഗമായാണ്. ഇതോടെ ഉത്തരവുകൾ പൂർണ്ണ തോതിൽ ജനങ്ങളിലേക്ക് എത്തി. വിവാദങ്ങളുമായി. ഇതിനിടെയാണ് സൈറ്റ് തന്നെ അപ്രത്യക്ഷമാകുന്നത്. സ്ഥിരപ്പെടുത്തൽ നിയമനങ്ങൾ സൈറ്റിലൂടെ പുറംലോകത്ത് എത്തിയാൽ വിവാദങ്ങളാകും. നേരത്തെ ലൈബ്രറി കൗൺസിലിൽ വിരമിക്കൽ പ്രായം കഴിഞ്ഞവരെ പോലും സ്ഥിരപ്പെടുത്തി ഉത്തരവ് ഇങ്ങനെയാണ് സർക്കാരിന് നാണക്കേടായി മാറിയത്. ഇപ്പോൾ എല്ലായിടത്തും സ്ഥിരപ്പെടുത്തലാണ്.
സൈറ്റുണ്ടെങ്കിൽ അതിൽ വിവരങ്ങൾ കൊടുക്കണം. ഇല്ലെങ്കിൽ രഹസ്യമായി ചെയ്തുവെന്ന വിവാദമെത്തും. സൈറ്റ് ലഭ്യമല്ലെങ്കിൽ സാങ്കേതിക തകരാറെന്ന ന്യായം ഉയർത്തുകയും ചെയ്യാം. ഇതിന് വേണ്ടിയാണ് ഉത്തരവുകൾക്കുള്ള പേജ് അദൃശ്യമാക്കിയതെന്നാണ് ഉയരുന്ന വിമർശനം.
മറുനാടന് മലയാളി ബ്യൂറോ