- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേന്ദ്ര സർക്കാറിന് ഉരുളക്കുപ്പേരി മറുപടിയുമായി മമത ബാനർജി; കേന്ദ്രം തിരിച്ചുവിളിച്ച ബംഗാൾ ചീഫ് സെക്രട്ടറിയെ രാജിവെപ്പിച്ചു കൂടെ നിർത്തും; തന്റെ മുഖ്യ ഉപദേഷ്ടാവാക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി; പ്രഖ്യാപനം ആലാപൻ ബന്ദോപാധ്യായെ ഡൽഹിക്ക് അയക്കില്ലെന്ന് മോദിക്ക് കത്തയച്ചതിന് പിന്നാലെ
കൊൽക്കത്ത: കേന്ദ്ര സർക്കാർ തിരിച്ചുവിളിച്ച പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായ തൽസ്ഥാനത്തുനിന്ന് വിരമിച്ചുവെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. അദ്ദേഹം ഇനി തന്റെ മുഖ്യ ഉപദേഷ്ടാവ് ആയിരിക്കുമെന്നും അവർ പറഞ്ഞു.സർവീസ് കാലാവധി അവസാനിച്ച ചീഫ് സെക്രട്ടറിയുടെ സേവനം നിലവിലെ കോവിഡ്, ചുഴലിക്കാറ്റ് സാഹചര്യങ്ങൾ പരിഗണിച്ച് മൂന്ന് മാസത്തേക്ക് കൂടി നീട്ടണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.മമതയയച്ച കത്തിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് മമതയുടെ നിർണ്ണായക നീക്കം.
'അദ്ദേഹത്തെ തിരിച്ചുവിളിച്ച നടപടി ഞെട്ടലുണ്ടാക്കി. കേന്ദ്ര സർക്കാർ അതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. അതിനാൽ കോവിഡ് സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സേവനം ബംഗാളിൽ ആവശ്യമാണെന്ന് തീരുമാനിക്കേണ്ടിവന്നു. കോവിഡിന്റെയും യാസ് ചുഴലിക്കാറ്റിന്റെയും പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ സേവനം സംസ്ഥാനത്തെ പാവപ്പെട്ടവർക്ക് ആവശ്യമുണ്ട്. ജോലി ചെയ്യുന്നതിനായി ജീവിതം സമർപ്പിച്ച ഒരു ഉദ്യോഗസ്ഥനെ അധിക്ഷേപിക്കുന്നതിലൂടെ പ്രധാനമന്ത്രി എന്ത് സന്ദേശമാണ് നൽകുന്നത്. അവർ കരാർ തൊഴിലാളികളാണോ നിരവധി ബംഗാൾ കേഡർ ഉദ്യോഗസ്ഥർ കേന്ദ്ര സർവീസിൽ ഇല്ലേ ആരോടും ആലോചിക്കാതെ ഞാൻ അവരെ തിരിച്ച് വിളിച്ചാൽ എന്താകും സ്ഥിതി .. മിസ്റ്റർ പ്രൈം മിനിസ്റ്റർ, തിരക്കുള്ള പ്രധാനമന്ത്രി, മൻ കി ബാത്ത് പ്രധാനമന്ത്രീ ...' മമത പരിഹസിച്ചു.
നേരത്തെ ചിഫ് സെക്രട്ടറിയെ തിരിച്ചയക്കില്ലെന്ന് കാണിച്ച് മമത കേന്ദ്രത്തിന് കത്തയച്ചിരുന്നു. പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായയെ കേന്ദ്ര സർവീസിലേക്ക് തിരിച്ചുവിളിച്ച ഉത്തരവ് തന്നെ ഞെട്ടിച്ചുവെന്നാണ് പ്രധാനമന്ത്രിക്കയച്ച കത്തിൽ
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞത്.ഈ നിർണായകമായ സമയത്ത് ചീഫ് സെക്രട്ടറിയെ വിട്ടയയ്ക്കാനാവില്ല, വിട്ടയ്ക്കുന്നുമില്ല. നിയമങ്ങൾക്കനുസൃതമായുള്ള മുൻകാല ഉത്തരവ് സാധുതയുള്ളതാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും കത്തിൽ മമത വ്യക്തമാക്കിയിരുന്നു
മുൻകൂട്ടി നോട്ടീസ് നൽകുകയോ, ചർച്ച നടത്തുകയോ ചെയ്യാതെ അനുഭവപരിജ്ഞാനമുള്ള ഒരു ഉദ്യോഗസ്ഥനെ തിരികെ വിളിച്ചുകൊണ്ട് ഈ സംസ്ഥാനത്തെ ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ നിങ്ങൾ ഉണ്ടാക്കുകയില്ലെന്ന് എനിക്കുറപ്പുണ്ട്. നാലുദിവസങ്ങൾക്ക് മുമ്പ് ഈ പ്രതിസന്ധി ഘട്ടത്തിൽ ഞങ്ങളുടെ സംസ്ഥാനത്തെ അദ്ദേഹത്തിന്റെ തുടർച്ചയായ സാന്നിധ്യം നിർണായകവും അത്യാവശ്യവുമാണെന്ന് നിങ്ങൾ തന്നെ അംഗീകരിച്ചതാണ്. - കത്തിൽ മമത പറയുന്നു.
ബന്ദോപാധ്യായയോട് ഇന്ന് രാവിലെ പത്തുമണിക്ക് ഡൽഹിയിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ ചീഫ് സെക്രട്ടറി സംസ്ഥാനത്ത് തുടരുമെന്നും സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുമെന്നും മുഖ്യമന്ത്രി തന്റെ കത്തിലൂടെ വ്യക്തമാക്കുകയായിരുന്നു. കേന്ദ്രത്തിന്റെ ഉത്തരവ് നിയമപരമായി സാധൂകരിക്കാനാവാത്തതാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും മമത ബാനർജി പറയുന്നു
യാസ് ചുഴലിക്കാറ്റിന്റെ കെടുതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മമത പങ്കെടുക്കാതിരുന്നത് മുതലാണ് കേന്ദ്രവും ബംഗാളും തമ്മിലുള്ള പുതിയ ഏറ്റുമുട്ടൽ ആരംഭിച്ചത്. നാശനഷ്ടങ്ങൾ സംഭവിച്ച മറ്റൊരു പ്രദേശം തനിക്ക് സന്ദർശിക്കാനുണ്ടെന്ന് പറഞ്ഞാണ് മമത യോഗത്തിൽ നിന്ന് വിട്ടുനിന്നത്. ചീഫ് സെക്രട്ടറി ബന്ദോപാധ്യയയും അന്ന് മുഖ്യമന്ത്രിക്കൊപ്പം പോയിരുന്നു. ഇതിനെ തുടർന്ന് അന്നുരാത്രി തന്നെ ചീഫ് സെക്രട്ടറിയെ കേന്ദ്രത്തിലേക്ക് തിരിച്ചുവിളിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങി.
മറുനാടന് മലയാളി ബ്യൂറോ