- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിയമസഭാ തിരഞ്ഞെടുപ്പിനിടെ സംഘർഷം: ബംഗാളിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന് സ്റ്റേ ഇല്ല; സർക്കാരിന്റെ ആവശ്യം തള്ളി കൊൽക്കത്ത ഹൈക്കോടതി അഞ്ചംഗ ബെഞ്ച്
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളിൽ അരങ്ങേറിയ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. ഇതു സംബന്ധിച്ചുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം അഞ്ചംഗ ബെഞ്ച് തള്ളി. അക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികളിൽ അന്വേഷണം നടത്തുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സനോടു ഹൈക്കോടതി നിർദേശിച്ചു.
അക്രമ സംഭവങ്ങളിലെ പരാതികൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷനോട് ജൂൺ 18 ലെ ഉത്തരവിൽ കൊൽക്കത്ത ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതു തടയുകയോ റദ്ദാക്കുകയോ ചെയ്യണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം.
ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാൽ, ജഡ്ജിമാരായ ഐ.പി.മുഖർജി, ഹരിഷ് ഠണ്ഡൻ, സൗമേഷ് സെൻ, സുബ്രതാ താലൂക്ദാർ എന്നിവരടങ്ങിയ ബെഞ്ചാണ് സർക്കാരിന്റെ അഭ്യർത്ഥന തള്ളിയത്. സമിതിക്കു പ്രശ്നബാധിത മേഖലകൾ സന്ദർശിക്കാനും നിലവിലെ സാഹചര്യത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനുമാണു നിർദ്ദേശം നൽകിയത്.
അന്വേഷണ സമിതിക്കുള്ള എല്ലാ സഹായങ്ങളും ബംഗാൾ സർക്കാർ ഒരുക്കി നൽകണമെന്നാണ് കോടതി ഉത്തരവ്. ഇതിൽ എന്തെങ്കിലും പാളിച്ച പറ്റിയാൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും കൊൽക്കത്ത ഹൈക്കോടതി മുന്നറിയിപ്പു നൽകി. ജീവന് ഭീഷണിയുള്ളതിനാൽ 200ൽ അധികം പ്രവർത്തകർക്ക് സ്വന്തം വീടുകളിലെത്താൻ സാധിക്കുന്നില്ലെന്ന് ബിജെപി നേതാവ് പ്രിയങ്ക തിബ്രെവാൾ ആരോപിച്ചിരുന്നു. ഭീഷണി, ആക്രമണം, കൊള്ള, പീഡനം, സ്ഥലം പിടിച്ചെടുക്കൽ തുടങ്ങി 3243 പരാതികളാണ് വെസ്റ്റ് ബംഗാൾ ലീഗൽ സർവീസ് അഥോറിറ്റിക്ക് ജൂൺ പത്ത് വരെ ലഭിച്ചത്.
പരാതികളിൽ നടപടിയെടുക്കാത്തതിൽ സർക്കാരിനെ കോടതി രൂക്ഷഭാഷയിൽ വിമർശിച്ചു. ലീഗൽ അഥോറിറ്റിയുടെ റിപ്പോർട്ട് ലഭിക്കാത്തതിനാലാണു സർക്കാർ നടപടികളെക്കുറിച്ചു ബോധിപ്പിക്കാതിരുന്നതെന്ന് അഡ്വക്കറ്റ് ജനറൽ കിഷോർ ദത്ത കോടതിയെ അറിയിച്ചു. രണ്ടു മൂന്നു ദിവസത്തേക്കുള്ള സ്റ്റേ ആണ് അഡ്വക്കറ്റ് ജനറൽ ആവശ്യപ്പെട്ടത്. പൊലീസ് നടപടിയെടുക്കുന്നില്ലെന്ന ആരോപണവും മനുഷ്യാവകാശ കമ്മിഷൻ പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് എങ്ങനെയാണ് ഒരു പരാതിപോലും ലഭിക്കാതിരുന്നതെന്ന് ജസ്റ്റിസ് ഐ.പി.മുഖർജി ചോദിച്ചു. എല്ലാ സംഭവങ്ങളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമമല്ലെന്ന് സർക്കാർ വാദിച്ചപ്പോൾ അതിന്റെ വ്യാപ്തി കോടതി തീരുമാനിച്ചോളാമെന്നായിരുന്നു മറുപടി. തുടർന്ന് സർക്കാരിന്റെ ആവശ്യം തള്ളിയതായി കോടതി അറിയിച്ചു.